തിരുവനന്തപുരം : ചന്ദ്രയാന്‍ 3ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി എന്ന് പേരിട്ടതില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് എസ് സോമനാഥ്. പേരിടാന്‍ രാജ്യത്തിന് അവകാശമുണ്ട്. മുന്‍പും പലരാജ്യങ്ങളും പേരിട്ടുണ്ട്. ഇപ്പോള്‍ തന്നെ ഇന്ത്യയുടെ ഒരു പാട് സ്ഥലങ്ങളുടെ പേരുകള്‍ ചന്ദ്രനിലുണ്ട്. ഓരോ രാജ്യത്തിനും അതാതുകാര്യങ്ങളുമായി ബന്ധപ്പെട്ട് പേരിടാമെന്നും അദ്ദേഹം പറഞ്ഞു.
ഒരുപാട് രാജ്യങ്ങള്‍ ചന്ദ്രനിലെ ദക്ഷിണധ്രുവത്തില്‍ പോകാന്‍ ശ്രമിക്കുന്നുണ്ട്. ചൈന ശ്രമിക്കുന്നു, റക്ഷ്യ ശ്രമിച്ചു. പലര്‍ക്കും നടന്നില്ല. അതിന്റെ പ്രയാസം ഒരുപാട് ഉണ്ട്. ചന്ദ്രന്റെ ആ ഭാഗം നിരപ്പായ സ്ഥലമല്ല, ഒരുപാട് കുന്നുകളും മലകളുമുണ്ട്. കുന്നിന്റെ ഉയരം രണ്ടുകിലോമീറ്ററലധികം വരും. വലിയ താഴ്ചകളുണ്ട്. അതിന്റെ ചരിവില്‍ പോയാല്‍ ലാന്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. സൗത്ത് പോളില്‍ പോകാന്‍ കാരണം അവിടെ മൂലകങ്ങള്‍ കൂടുതല്‍ കണ്ടെത്താന്‍ സാധ്യതയുള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രവും വിശ്വാസവും രണ്ടും രണ്ടാണ്. വ്യക്തിപരമായ ശക്തി സംഭരിക്കുക എന്ന ലക്ഷ്യത്തോടെയാണ് തന്റെ ക്ഷേത്ര ദര്‍ശനം. തന്റെ മാനസികമായ ശക്തിയുടേയും ആത്മീയതയുടെ ഭാഗമാണത്. അതിന് മിഷനുമായി യാതൊരു ബന്ധവുമില്ല എസ് സോമനാഥ് പറഞ്ഞു.
ഇന്ത്യയുടെ സൗര ദൗത്യം ആദിത്യ എല്‍1 വിക്ഷേപണ തീയതി രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് സോമനാഥ് പറഞ്ഞു ജപ്പാനുമായി ചേര്‍ന്നുള്ള ചാന്ദ്ര ദൗത്യം ലൂപെക്സ് മിഷന് ഉടന്‍ നടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.