ജെറുസലേം : ഇസ്രയേലില്‍ 42,000ത്തോളം സ്ത്രീകള്‍ തോക്ക് ഉപയോഗിക്കാനുള്ള അനുമതിക്ക് വേണ്ടി അപേക്ഷിച്ചതായി റിപ്പോര്‍ട്ട്. യുദ്ധം ആരംഭിച്ചതിന് പിന്നാലെ സ്വയരക്ഷയ്ക്ക് വേണ്ടി തോക്ക് ഉപയോഗിക്കാനുള്ള അപേക്ഷ നല്കി സ്ത്രീകള്‍ കാത്തിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം തുടങ്ങിയതിന് ശേഷം ഒക്ടോബര്‍ ഏഴ് മുതല്‍ ഇതുവരെ 42,000 സ്ത്രീകള്‍ തോക്ക് ഉപയോഗിക്കാനുള്ള അനുമതിക്കായി അപേക്ഷിച്ചു. ഇതില്‍ 18,000 പേര്‍ക്ക് അനുമതി നല്‍കിയതായി സുരക്ഷാ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു. മുന്‍കാലങ്ങളില്‍ സമാന രീതിയില്‍ സ്വരക്ഷക്കായി തോക്കുപയോഗിക്കാന്‍ വേണ്ടിയുള്ള അനുമതിക്കായി സ്ത്രീകള്‍ അപേക്ഷ നല്‍കിയിരുന്നു. ഇത്തവണ അതിന്റെ മൂന്നിരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വെസ്റ്റ് ബാങ്കിലുള്ള സ്ത്രീകളില്‍ 15000 പേരുടെ കൈവശം ഇതിനകം തന്നെ തോക്കുകളുണ്ട്. ഇതില്‍ പതിനായിരം പേരും നിര്‍ബന്ധിത പരിശീലനം ലഭിച്ചവരാണെന്ന് സുരക്ഷാ മന്ത്രാലയം വ്യക്തമാക്കി.
യുദ്ധം ആരംഭിച്ചതിന് പിന്നാലെ തോക്ക് ഉപയോഗിക്കുന്നതിനുള്ള നിയമങ്ങളില്‍ ഇസ്രയേല്‍ സര്‍ക്കാരും സുരക്ഷാ മന്ത്രാലയവും അയവുവരുത്തിയിരുന്നു. അതേസമയം പൗരന്മാരുടെ പക്കല്‍ ആയുധങ്ങള്‍ എത്തിച്ചേരുന്നതിനെതിരേ വന്‍ വിമര്‍ശനങ്ങളും ആശങ്കകളും വിവിധ കോണില്‍ നിന്ന് ഉയരുന്നുണ്ട്.