ഗാസ : യുഎന്നിന്റെ സഹായ സംഘം ഗാസയിലേക്ക് എത്തുന്നു. 1,29,000 ലിറ്റര്‍ ഇന്ധനവും നാല് ട്രക്ക് ഗ്യാസും മറ്റ് സഹായങ്ങളുമായി 137 ട്രക്കുകളും ഗാസ അതിര്‍ത്തിയിലേക്ക് പ്രവേശിച്ചു. ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ഗാസക്ക് ലഭിക്കുന്ന ഏറ്റവും വലിയ സഹായമാണിത്. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങി. പിന്‍വാങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പും ആശുപത്രി സമയുച്ചയത്തിനുള്ളില്‍ ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തി.
ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം, വെള്ളം, മെഡിക്കല്‍ ഉപകരണങ്ങള്‍, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവയാണ് ട്രക്കുകളിലുള്ളത്. വരും ദിവസങ്ങളില്‍ ഗാസയിലെ ആളുകള്‍ക്ക് വന്‍തോതില്‍ സഹായങ്ങള്‍ എത്തിക്കാനാണ് ശ്രമമമെന്ന് യുഎന്‍ വ്യക്തമാക്കി. റഫയിലെയും ഖാന് യൂനിസിലെയും തെരുവുകള്‍ ഏതാണ്ട് ശൂന്യമാണ്. എല്ലായിടത്തും ഖരമാലിന്യങ്ങള്‍ കുമിഞ്ഞുകൂടിക്കിടക്കുന്നു. നിരന്തരമായ ബോംബാക്രമണത്തെത്തുടര്‍ന്ന് മിക്ക കടകളും ഫാര്‍മസികളും അടഞ്ഞുകിടക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലെ അവസ്ഥ അതിലും ദയനീയമാണ്. ദിവസങ്ങളായി വെള്ളമില്ലാത്തതിനാല്‍ ടോയ്ലറ്റുകള് ആകെ വൃത്തിഹീനമാണ്. മലിന ജലം കെട്ടിക്കിടക്കുന്നു. ദുസഹമായ സാഹചര്യത്തില്‍ തിങ്ങി നിറഞ്ഞ് താമസിക്കുന്ന ജയിലിനേക്കാളും മോശമായ സാഹചര്യമാണ് ദുരിതാശ്വാസ ക്യാമ്പിലേത്. വൃത്തിഹീനമായ സാഹചര്യങ്ങള്‍ മൂലം ആളുകള്‍ക്ക് ത്വക്ക് രോഗങ്ങളും വയറിളക്കവും വര്‍ദ്ധിച്ചു.