ഗാസ : ഹമാസിനെതിരായ യുദ്ധത്തിന്റെ ഭാഗമായി ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫ ലക്ഷ്യമാക്കി ഇസ്രയേല്‍ സൈനിക നീക്കം ശക്തമാക്കി. ഹമാസ് സൈനികര്‍ ഒളിച്ചിരിക്കുന്ന ആശുപത്രിക്കെതിരെ സുപ്രധാന നടപടിക്കൊരുങ്ങുകയാണെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നത്. സൈന്യം ആശുപത്രിയുടെ കവാടങ്ങളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.
ആശുപത്രിക്കുള്ളിലെ സെെനിക പ്രവർത്തനങ്ങൾ 12 മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കണമെന്ന് ഗാസയിലെ അധികാരികളെ അറിയിച്ചതായി ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കി. ആശുപത്രിക്കുള്ളലിലെ ഹമാസ് സംഘത്തിനോട് കീഴടങ്ങാനും സേന ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രിയുടെ അടിയിലായി ഹമാസിന്റെ സേനാ താവളമുണ്ടെന്നാണ് ഇസ്രയേൽ സേന പറയുന്നത്.
കുടിയൊഴിക്കപ്പെട്ട ആയിരക്കണക്കിന് പലസ്തീനികൾക്ക് അഭയം നൽകുന്ന ആശുപത്രിയാണ് അൽ ശിഫ. ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റ 2300 ഓളം രോഗികളും, ആശുപത്രി ജീവനക്കാരും, വീടു നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകളും അൽശിഫയിൽ കുടുങ്ങിക്കിടക്കുന്നതായാണ് ഐക്യരാഷ്ട്രസഭയുടെ വിലയിരുത്തൽ. ആശുപത്രിയിൽ 36 ഓളം നവജാത ശിശുക്കളുമുണ്ട്.
ആശുപത്രിക്ക് നേരെ സൈനിക ആക്രമണം ഉണ്ടായാൽ കുട്ടികളെ മാറ്റാൻ ആവശ്യമായ ഇൻകുബേറ്റർ സൗകര്യം പോലുമില്ലെന്ന് അധികൃതർ പറയുന്നു. ഇന്ധനക്ഷാമം മൂലം വൈദ്യുതി മുടങ്ങിയതിനാൽ കഴിഞ്ഞ ദിവസം മൂന്ന് നവജാത ശിശുക്കളാണ് അൽശിഫ ആശുപത്രിയിൽ മരിച്ചത്. ആശുപത്രിയിൽ കയറി അതിക്രമം വേണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിനോട് ആവശ്യപ്പെട്ടു.
നിരപരാധികളായ ജനങ്ങൾ വെെദ്യസഹായത്തിനായി എത്തുന്ന ആശുപത്രിയിൽ ആക്രമം ഉണ്ടാകാൻ പാടില്ല. ആശുപത്രിക്കുള്ളിലെ രോഗികൾ സംരക്ഷിക്കപ്പെടേണ്ടതാണ്. ആശുപത്രിക്കെതിരെയുള്ള സൈനിക നീക്കത്തെ പിന്തുണയ്ക്കുന്നില്ലെന്നും വെെറ്റ് ഹൗസ് വക്താവ് അറിയിച്ചു. എന്നാൽ അൽശിഫ ആശുപത്രിക്ക് നേരെ ഇസ്രയേൽ സേന നടത്തുന്ന അതിക്രമത്തിന്റെ പൂർണ ഉത്തരവാദി യു എസ് പ്രസിഡന്റ് ജോ ബൈഡനാണെന്ന് ഹമാസ് കുറ്റപ്പെടുത്തി.