ടെൽ അവീവ്: സർക്കാർ തീരുമാനങ്ങൾ റദ്ദാക്കാനുള്ള കോടതിയുടെ അധികാരം എടുത്തുകളയുന്ന വിവാദ ബില്ലിന്റെ പ്രധാനഭാഗം പാസാക്കി ഇസ്രയേൽ പാർലമെന്റ്.ബില്ലിനെതിരെ പ്രതിഷേധം നടത്തിയ പ്രതിപക്ഷ കക്ഷികൾ ബിൽ അവതരണത്തിനിടെ പാർലമെന്റിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഇതോടെ 64 -0 എന്ന നിലയിലാണ് ബിൽ പാസാക്കാനുള്ള വോട്ടിംഗ് അവസാനിച്ചത്.
ജഡ്ജിമാരെ നിയമിക്കാനുള്ള പ്രക്രിയയിലും മാറ്റം വരുത്താൻ ബില്ലിൽ വ്യവസ്ഥയുണ്ട്. ഇഷ്ടക്കാരെ തിരുകികയറ്റി നിയമസംവിധാനത്തെ കൈപ്പിടിയിലാക്കാനാണ് നെതന്യാഹുവിന്റെ നീക്കമെന്ന് ആരോപിച്ച് ഇന്നും രാജ്യമെങ്ങും വൻ പ്രതിഷേധ പരിപാടികൾ അരങ്ങേറി. തലസ്ഥാനനഗരിയിലടക്കം വമ്പൻ പ്രതിഷേധജാഥ നടത്തിയ നെതന്യാഹു വിരുദ്ധരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചും ബലംപ്രയോഗിച്ചുമാണ് സ്ഥലത്ത് നിന്ന് നീക്കിയത്.