ജറുസലേം: ലോകത്തിലെ പ്രധാനപ്പെട്ട മൂന്നാമത്തെ പള്ളിയായി മുസ്ലിംകൾ കാണുന്ന ജറുസലേമിലെ അൽ അഖ്സ മസ്ജിദിൽ മുസ്ലിംകളെ വിലക്കി ഇസ്രായേലി പൊലീസ്. മാസങ്ങൾക്ക് ശേഷം ആദ്യമായി ഇസ്രായേൽ പൊലീസ് അധിനിവേശ കിഴക്കൻ ജറുസലേമിലെ അൽ അഖ്സ മസ്ജിദ് അടച്ചുപൂട്ടുകയും മുസ്ലിം വിശ്വാസികളെ കോമ്പൗണ്ടിൽ പ്രവേശിക്കുന്നത് തടയുകയും ചെയ്തുവെന്ന് വിശുദ്ധ സ്ഥലത്തിന്റെ ചുമതലയുള്ള ഇസ്ലാമിക് വഖഫ് മന്ത്രാലയം അറിയിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
അതിനിടെ, ഇസ്രായേൽ പൊലീസ് ജൂതന്മാരെ മസ്ജിദ് കോമ്പൗണ്ടിൽ പ്രവേശിക്കാൻ അനുവദിച്ചു. മുസ്ലിംകൾക്ക് മാത്രം ആരാധന നടത്താൻ അനുവാദമുള്ള പള്ളിയിലെ നിലവിലെ സ്ഥിതി ലംഘിച്ച് ജൂത ആരാധകർ കോമ്പൗണ്ടിലേക്ക് പ്രവേശിക്കുകയും ആചാരങ്ങൾ നടത്തുകയും ചെയ്തതായി ഫലസ്തീൻ വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മക്കയിലെ മസ്ജിദുൽ ഹറമിനും മദീനയിലെ പ്രവാചകന്റെ പള്ളിക്കുമൊപ്പം മുസ്ലിംകളുടെ മൂന്നാമത്തെ വിശുദ്ധ ഗേഹമാണ് മസ്ജിദുൽ അഖ്സ.
വിശുദ്ധ കോമ്പൗണ്ടിലേക്കുള്ള എല്ലാ ഗേറ്റുകളും പൊലീസ് പെട്ടെന്ന് അടച്ചുപൂട്ടുകയും എല്ലാ പ്രായത്തിലുമുള്ള മുസ്ലിംകളെയും അതിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുകയായിരുന്നുവെന്നും വഫ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. രാവിലെ മുതൽ പ്രായമായവർക്ക് മാത്രമാണ് ഇസ്രായേൽ പൊലീസ് പള്ളിയിലേക്ക് പ്രവേശനം നൽകിയിരുന്നതെന്നും പിന്നീട് പെട്ടെന്ന് എല്ലാവരെയും തടയുകയായിരുന്നുവെന്നും വാർത്തയിൽ പറഞ്ഞു.