ജെറുസലേം : പശ്ചിമേഷ്യയെ ചോരക്കളമാക്കി ഇസ്രയേലും ഹമാസും ആക്രമണം ശക്തമാക്കി. ഇരുഭാഗത്തുമായി മരണം 1200 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഗാസയില്‍ മരണം 413 ആയി. ഗാസ അതിർത്തിയിൽ ഒരു ലക്ഷം സൈനികരെ വിന്യസിക്കാനാണ് ഇസ്രയേലിന്റെ നീക്കം. സേനാബലം ശക്തിപ്പെടുത്താൻ കരുതൽ സേനയേയും വിരമിച്ച സൈനികരേയും പോർമുഖത്തെത്തിക്കും. വ്യോമാക്രമണത്തിന് പുറമേ, കരയുദ്ധത്തിന് കൂടി ഇസ്രയേല്‍ തയ്യാറെടുക്കുന്നതായാണ് വിവരം.
ഇസ്രയേല്‍-ഹമാസ് യുദ്ധം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യുഎന്‍ രക്ഷാകൗണ്‍സില്‍ യോഗം സംയുക്ത പ്രസ്താവന ഇറക്കുന്നതില്‍ പരാജയപ്പെട്ടു. ഹമാസ് ആക്രമണത്തെ യുഎന്‍ കൗണ്‍സില്‍ രൂക്ഷമായി അപലപിക്കണമെന്ന് അമേരിക്ക യോഗത്തില്‍ ആവശ്യപ്പെട്ടു. ഹമാസ് ഭീകരസംഘടനയായ ഐഎസ്ഐഎസിനും അല്‍ഖ്വയ്ദയ്ക്കും തുല്യമാണെന്ന് യുഎന്നിലെ ഇസ്രയേല്‍ സ്ഥിരം പ്രതിനിധി ഗിലാര്‍ഡ് എര്‍ദന്‍ പറഞ്ഞു.
ഇത്തരം ക്രൂരതകള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ഹമാസ് എന്ന ഭീകര സംഘടനയെ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള സമയമാണിത്. ഇത് ഇസ്രായേലിനെതിരെ മാത്രമുള്ള യുദ്ധമല്ല. ഇത് സ്വതന്ത്ര ലോകത്തിനെതിരായ യുദ്ധമാണ്. ഭീകരതയ്ക്കെതിരായ യുദ്ധത്തില്‍ ഇസ്രായേല്‍ മുന്‍പന്തിയിലാണ്, ഇതില്‍ വിജയിച്ചില്ലെങ്കില്‍ ലോകം മുഴുവന്‍ അതിന്റെ വില നല്‍കേണ്ടിവരും. അതിനാല്‍ ലോകം മുഴുവന്‍ ഇസ്രയേലിന് പിന്തുണ നല്‍കണമെന്ന് എര്‍ദന്‍ ആവശ്യപ്പെട്ടു.
ഈ യുദ്ധത്തില്‍ ഹമാസിന് കനത്ത വില നല്‍കേണ്ടി വരും. ഇസ്രയേലികള്‍ സഹിഷ്ണുതയുള്ള ആളുകളാണ്. മുന്‍കാലങ്ങളില്‍ ഞങ്ങള്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്. കടുത്ത വെല്ലുവിളികള്‍ നേരിട്ടാണ് ഇസ്രയേല്‍ മുന്നോട്ടുവന്നിട്ടുള്ളത്. ഇസ്രായേല്‍ തിരിച്ചടിക്കും, ഇസ്രായേല്‍ വിജയിക്കും. ഹമാസ് വംശഹത്യ ലക്ഷ്യമിടുന്ന ഇസ്ലാമിക് ഭീകരസംഘടനയാണ്. അത് ഐഎസ്, അല്‍ ഖ്വയ്ദ എന്നിവയില്‍ നിന്നും വ്യത്യസ്തമല്ല. ജൂതരാഷ്ട്രത്തിന്റെ ഉന്മൂലനമാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും ഗിലാര്‍ഡ് എര്‍ദന്‍ പറഞ്ഞു.
അതിനിടെ, യുദ്ധത്തില്‍ ഇസ്രയേലിന് സഹായവുമായി അമേരിക്ക രംഗത്തെത്തി. യുദ്ധക്കപ്പലുകളും വ്യോമയാനങ്ങളും അയക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചു. അമേരിക്കന്‍ പടക്കപ്പലായ യു.എസ്.എസ്. ജെറാള്‍ഡ് ആര് ഫോര്‍ഡ് ഇസ്രയേല്‍ ലക്ഷ്യമാക്കി കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് നീങ്ങാന്‍ നിര്‍ദേശം നല്കി. ഇതിന് പുറമെ ഒരു മിസൈല്‍ വാഹിനിയും നാല് മിസൈല്‍ നശീകരണികളും അയക്കും. യുഎസ് യുദ്ധവിമാനങ്ങളായ എഫ്-35, എഫ്-15, എഫ്-16, എ-10 എന്നിവയും ഇസ്രയേലിന് കൈമാറുമെന്ന് അറിയിച്ചു.