ജിദ്ദ: ഇസ്രയേൽ-പലസ്തീൻ യുദ്ധം രൂക്ഷമായതിന് പിന്നാലെ പ്രത്യേക അടിയന്തര യോഗം വിളിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ. സൗദിയിലെ ജിദ്ദയിൽ വച്ച് ബുധനാഴ്ചയാണ് യോഗം നടക്കുക. സൗദിയാണ് ഇപ്പോൾ ഇസ്ലാമിക്ക് ഓർഗനൈസേഷൻ പദവി വഹിക്കുന്നത്.അതിനാലാണ് അറബ് രാജ്യങ്ങളുടെ മന്ത്രിതല അടിയന്തര യോഗം ജിദ്ദയിൽ നടത്താൻ തീരുമാനിച്ചത്. ഇസ്രയേൽ ഭരണകൂടം യുഎൻ ഉൾപ്പടെയുള്ള അന്താരാഷ്ട്ര ഏജൻസികളുടെ മുന്നറിയിപ്പ് അവഗണിക്കുകയാണെന്നാണ് സൗദിയുടെ ആരോപണം.
ഗാസയിൽ നിന്നും പലായനം ചെയ്യുകയായിരുന്ന സംഘത്തിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടതായി ശനിയാഴ്ച റിപ്പോർട്ട് വന്നിരുന്നു. ഇതോടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,900 കടന്നിരിക്കുകയാണ്. ഇസ്രയേലിന്റെ മുന്നറിയിപ്പിന് പിന്നാലെ പതിനായിരക്കണക്കിന് ആളുകളാണ് ഗാസയിൽ നിന്നും പലായനം ചെയ്യുന്നത്.ഒഴിഞ്ഞ് പോകുന്നവർക്ക് മേലും ഇസ്രയേൽ ആക്രമണം നടത്തുകയാണെന്നും ഇസ്രയേലിന്റെ വ്യോമാക്രമണത്തിലാണ് 70 പേരും കൊല്ലപ്പെട്ടതെന്നും ഹമാസ് കുറ്റപ്പെടുത്തി.
ഇതിനിടയിൽ തെക്കൻ ലബാനോനിൽ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു.തെക്കൻ ലബാനോനിൽ ജോലി ചെയ്യുകയായിരുന്ന ന്യൂസ് വീഡിയോഗ്രാഫർ ഇസ്സാം അബ്ദുല്ലയാണ് മരിച്ചത്. ഈ പ്രദേശത്ത് ലൈവ് ന്യൂസ് കവറേജിനായി പോയ റോയിട്ടേഴ്സ് സംഘത്തിലെ അംഗമായിരുന്നു ഇസ്സാം.
ഇസ്രയേൽ കുട്ടികളെ തട്ടിക്കൊണ്ടുപോയതായി കാണിക്കുന്ന പുതിയ ദൃശ്യങ്ങൾ ഹമാസ് ശനിയാഴ്ച പുറത്തുവിട്ടു. ടെലിഗ്രാം ചാനലിലൂടെയാണ് ഹമാസ് വീഡിയോ പുറത്തുവിട്ടത്. “യുദ്ധത്തിനിടയിൽ കുട്ടികളോട് അനുകമ്പ കാണിക്കുന്ന ഹമാസ് പോരാളികൾ’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഇത്. ദൃശ്യങ്ങളിൽ ഇസ്രയേൽ കുഞ്ഞുങ്ങളെ ഹമാസ് സംഘാംഗങ്ങൾ തങ്ങൾക്കരികിൽ ഇരുത്തിയിരിക്കുന്നു. ഒരുകുട്ടി ഇവരിൽ ഒരാളുടെ മടിയിൽ ഇരിക്കുകയാണ്. കരയുന്ന കുട്ടികളെ അവർ ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.