ദോഹ: ഇസ്രയേൽ വെടി നിർത്തിയാൽ ബന്ദികളെ മോചിപ്പിക്കാമെന്ന നിലപാടിൽ ഹമാസ്. ചർച്ചകളിലൂടെ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേൽ – ഹമാസ് സംഘർഷം അവസാനിപ്പിക്കാൻ ഖത്തറിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾക്കാവുമെന്ന പ്രതീക്ഷയിലാണ് ലോകം.
ഇതിനിടെ ഇസ്രയേൽ വടക്കൻ ഗാസയിൽ വീണ്ടും മിന്നലാക്രമണം നടത്തി. വ്യോമാക്രമണം കിഴക്കൻ ഗാസയിലേക്കു കൂടി വ്യാപിപ്പിക്കുകയും ചെയ്തു. ഹമാസ് ഇസ്രയേലിനെ ആക്രമിച്ച അന്നു മുതൽ ഇതുവരെ 7326 പലസ്തീൻകാർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.ഗാസയിൽ ജലവിതരണം ഉൾപ്പെടെ അടിസ്ഥാന സേവനങ്ങളെല്ലാം താറുമാറായി ജനം ഗുരുതരമായ അനാരോഗ്യത്തിന്റെ വക്കിലാണെന്നു യുഎൻ ദുരിതാശ്വാസ ഏജൻസി മുന്നറിയിപ്പു നൽകി.
മലിനജലം ഒഴുകിപ്പരന്ന് ഗാസയിലെ തെരുവുകൾ രോഗകേന്ദ്രങ്ങളായി മാറുകയാണെന്ന് ഏജൻസി കമ്മിഷണർ ജനറൽ ഫിലിപ്പെ ലസറീനി പറഞ്ഞു.ഇതിനിടയിൽ കിഴക്കൻ സിറിയയിൽ വ്യോമാക്രമണം നടത്തിയ യുഎസ് പ്രദേശത്തെ ആയുധസംഭരണശാലകൾ തകർത്തു. ഇറാൻ റവല്യൂഷണറി ഗാർഡ് യുഎസ് സൈനികകേന്ദ്രങ്ങളിൽ നിരന്തരം നടത്തുന്ന ആക്രമണത്തിനു മറുപടിയാണിതെന്നും യുഎസ് വ്യക്തമാക്കി.