ഗസ്സ സിറ്റി : രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചക്ക് ദോഹയിൽ വേദിയൊരുങ്ങിയെങ്കിലും സമ്പൂർണ യുദ്ധവിരാമത്തിന് തയാറാകാതെ ഇസ്രായേൽ. ദോഹയിലെത്തിയ ഇസ്രായേൽ, ഹമാസ് സംഘങ്ങളുമായി മധ്യസ്ഥ രാജ്യങ്ങൾ അനൗപചാരിക ചർച്ചക്ക് തുടക്കം കുറിച്ചെങ്കിലും കാര്യമായ പുരോഗതിയില്ല. സമ്പൂർണ യുദ്ധവിരാമത്തിലൂടെ മാത്രം ബന്ദികൈമാറ്റം എന്ന ഹമാസ് നിലപാട് സ്വീകാര്യമല്ലെന്നാണ് ഇസ്രായേൽ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചത്. ഷിൻ ബെത്, മൊസാദ്, സൈന്യം എന്നിവയുടെ പ്രതിനിധികളാണ് ഇസ്രായേൽ സംഘത്തിലുളളത്.
യുദ്ധം പൂർണമായും അവസാനിപ്പിക്കുന്ന അനുമതി സംഘത്തിന് നെതന്യാഹു നൽകിയിട്ടില്ല. അതേസമയം ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ച ഫലപ്രാപ്തിയിൽ എത്തുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫ് പറഞ്ഞു. അടുത്ത ദിവസങ്ങളിൽ ഹമാസും ഇസ്രായേലും തമ്മിൽ നടക്കുന്ന ചർച്ചകളുടെ പുരോഗതി നോക്കിയാകും തങ്ങളുടെ ഇടപെടലെന്നും അദ്ദേഹം വ്യക്തമാക്കി.
ബന്ദിമോചന വിഷയത്തിൽ ഹമാസുമായി അമേരിക്ക നേരിട്ട് ചർച്ച നടത്തിയതിനു പുറമെ ഹമാസിനെ പ്രകീർത്തിച്ചു കൊണ്ടുള്ള യു.എസ് പ്രതിനിധി ആഡം ബോഹ്ലെറുടെ പ്രതികരണവും ഇസ്രായേലിനെ രോഷം കൊള്ളിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഹമാസുമായി ഇനി നേരിട്ടുള്ള ചർച്ച ട്രംപ് ഭരണകൂടം ഉപേക്ഷിക്കുമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സഹായ വസ്തുക്കൾ തടയുകയും വൈദ്യുതിബന്ധം വിഛേദിക്കുകയും ചെയ്തതോടെ ഗസ്സയിലെ സ്ഥിതിഗതികൾ ഏറെ വഷളായതായി അന്താരാഷ്ട്ര റെഡ്ക്രോസ് സംഘം വ്യക്തമാക്കി. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ ആയിരങ്ങൾ മരിച്ചു വീഴുമെന്നും റെഡ്ക്രോസ് മുന്നറിയിപ്പ് നൽകി. ഗസ്സയിലേക്ക് രണ്ടു ദിവസത്തിനുള്ളിൽ സഹായം എത്തിച്ചില്ലെങ്കിൽ ഇസ്രായേൽ കപ്പലുകൾക്കെതിരെ ആക്രമണം പുനരാരംഭിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് യെമനിലെ ഹൂതികൾ അറിയിച്ചു.