ടെഹ്റാന്: ഇസ്രയേല്‍-ഇറാന് സംഘര്‍ഷം രൂക്ഷമാകുന്നു. ഇറാനില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇറാനിലെ ഇശ്ഫഹാന്‍ മേഖലയില്‍ വിമാനത്താവളങ്ങളില്‍ അടക്കം സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്ഫഹാനിലെ ആണവകേന്ദ്രങ്ങളെല്ലാം സുരക്ഷിതമാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
ഇസ്രയേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാന നഗരങ്ങളിലെ വ്യോമഗതാഗതം ഇറാന് നിര്‍ത്തിവെച്ചു. മിസൈല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ നിരവധി പ്രവിശ്യകളില്‍ ഇറാന് സജ്ജമാക്കി. മിസൈലുകള്‍ തങ്ങളുടെ രാജ്യത്ത് പതിച്ചിട്ടില്ലെന്നും, ഇസ്രയേല്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടെന്നും ഇറാന് സൈന്യം അവകാശപ്പെട്ടു.
സിറിയയിലെ ഇറാന് എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന് പ്രതികാരമായി ഇസ്രയേലിനെതിരെ ഇറാന് ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ രണ്ട് ഇറാന് ജനറല്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായിട്ടാണ് നൂറുകണക്കിന് ഡ്രോണുകളും ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ ഇസ്രയേലിന് നേര്‍ക്ക് ഇറാന് പ്രയോഗിച്ചത്.
ഇറാന്റെ താല്‍പ്പര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള സൈനിക നടപടികള്‍ അവസാനിപ്പിക്കാന്‍ ഇസ്രായേലിനെ നിര്‍ബന്ധിക്കാനും വിഷയത്തില്‍ ഇടപെടാനും ഇറാന് യുഎന്‍ രക്ഷാസമിതിയോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന് സുരക്ഷയ്ക്കായി തങ്ങള്‍ എന്തും ചെയ്യുമെന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കയോട് സൂചിപ്പിച്ചത്. പശ്ചിമേഷ്യ വന്‍ അപകടത്തെ അഭിമുഖീകരിക്കുകയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ മുന്നറിയിപ്പ് നല്കിട്ടുണ്ട്.