ടെല്‍ അവീവ്: ഇസ്രയേല്‍ സൈന്യം ഗാസയില്‍ വ്യോമാക്രമണം ശക്തമാക്കിയതിന് പിന്നാലെ നഗരത്തില്‍ സ്ഫോടനങ്ങള്‍ തുടര്ച്ചയാകുന്നതായി റിപ്പോര്‍ട്ട്. യുദ്ധം ആരംഭിച്ച് ഇതുവരെയുള്ളതില്‍ കനത്ത വ്യോമാക്രമണമാണ് ഗാസയില്‍ നടക്കുന്നതെന്നും ഇവിടത്തെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ ഇസ്രയേല്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചുവെന്ന് ഹമാസ് ആരോപിച്ചു. ഇവിടെ മൊബൈല്‍ നെറ്റ്വര്‍ക്ക് സംവിധാനം പൂര്‍ണമായും തകര്‍ന്നുകഴിഞ്ഞു. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായതോടെ ഗാസയില്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്ക്കരമായിരിക്കുകയാണ്.കരമാര്‍ഗമുള്ള യുദ്ധം ശക്തമാക്കുമെന്ന് ഇസ്രയേല്‍ നേരത്തെ അറിയിച്ചിരുന്നു. ഗാസയിലേക്ക് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇസ്രയേലിന്റെ യുദ്ധടാങ്കുകള്‍ എത്തി. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിനോടകം ഏഴായിരം കടന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇസ്രയേല്‍ ഹമാസ് പോരാട്ടത്തിന്റെ ഭാഗമായി വിക്ഷേപിച്ച മിസൈല്‍ ഈജിപ്ഷ്യന്‍ നഗരത്തില്‍ പതിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഗാസ മുനമ്പില്‍ നിന്ന് 220 കിലോമീറ്റര്‍ അകലെയുള്ള, ചെങ്കടല്‍ തീരത്തെ ഈജിപ്ഷ്യന്‍ റിസോര്‍ട്ട് നഗരമായ താബയില്‍ മിസൈല്‍ പതിച്ചത്.താബയിലെ മെഡിക്കല്‍ സ്ഥാപനത്തില്‍ മിസൈല്‍ വീണതിനെ തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഈജിപ്തിലെ അല്‍ ഖഹേറ ടിവി റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലിന്റെ ചെങ്കടല്‍ തുറമുഖമായ എയ്ലാത്തിനടുത്താണ് അതിര്‍ത്തി നഗരമായ താബ. ബുധനാഴ്ച എയ്ലാത്ത് ലക്ഷ്യമാക്കി മിസൈല്‍ പ്രയോഗിച്ചതായി ഹമാസ് പറഞ്ഞിരുന്നു. എന്നാല്‍ അത് നഗരത്തിനു പുറത്താണ് പതിച്ചതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.