ടെൽ അവീവ്: ഹമാസിനെ ഉന്മൂലനം ചെയ്ത് ഗാസയുടെ സുരക്ഷ ഇസ്രയേലിന്റെ കർശന നിയന്ത്രണത്തിലാക്കുമെന്ന് പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യൻ സംഘർഷം മറ്റൊരു തലത്തിലേക്ക് കടന്നു. പാലസ്തീൻ അധിനിവേശമാണ് ഇസ്രയേലിന്റെ മനസ്സിലിരുപ്പെന്നും ഇനി അത് നടപ്പുള്ള കാര്യമല്ലെന്നും ഇറാൻ മുന്നറിയിപ്പു നൽകി. നെതന്യാഹുവിന്റെ പ്രഖ്യാപനത്തെ അറബ് രാഷ്ട്രങ്ങളും അപലപിച്ചു.
എ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഹമാസിനെ തകർക്കുക മാത്രമല്ല ലക്ഷ്യമെന്ന് നെതന്യാഹു പറഞ്ഞത്. പിൻമാറിയാൽ വീണ്ടുമവർ ഭീഷണിയാകും. ഒക്ടോബർ 7 ആവർത്തിക്കാൻ അനുവദിക്കില്ല. ഗാസയിലെ ഓരോ ചലനവും ഞങ്ങൾ നിയന്ത്രിക്കും. അത് എത്രകാലമെന്ന് പറയാനാവില്ലെന്നും നെതന്യാഹു ഓർമ്മപ്പെടുത്തി.
ഹമാസ് ശക്തികേന്ദ്രമായ വടക്കൻ ഗാസ നിയന്ത്രണത്തിലാക്കാനാവും ഇസ്രയേൽ നീക്കമെന്നാണ് വിലയിരുത്തൽ. ഗാസ സിറ്റി വളഞ്ഞ ഇസ്രയേൽ സൈന്യം വടക്ക്, തെക്ക് എന്ന രീതിയിൽ മുനമ്പിനെ രണ്ടായി വിഭജിച്ചിരിക്കയാണ്. വടക്കൻ ഗാസയിൽ പൂർണ കരയുദ്ധം ഏതു നിമിഷവുമുണ്ടാകാം. ശേഷിക്കുന്ന ജനങ്ങൾക്ക് തെക്കൻ ഗാസയിലേക്ക് കടക്കാൻ അവസാന അവസരമെന്ന നിലയിൽ സലാ അൽദിൻ ഹൈവേ ഇന്നലെ രണ്ടു മണിക്കൂർ തുറന്നുകൊടുത്തു. പരിക്കേറ്റ കുട്ടികളെയുമെടുത്ത് ജീവനും കൊണ്ടോടുന്നവരുടെ കാഴ്ചയായിരുന്നു ഈ രണ്ട് മണിക്കൂറും.
കുരുതി 11,000 കടന്നു
വടക്കൻ ഗാസ കൊടും പട്ടിണിയിലായി. ഭക്ഷണവും ഇന്ധനവും തീർന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 11,328 ആയി. ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രയേൽ ഇന്നലെയും കനത്ത വ്യോമാക്രമണം നടത്തി. 23 പേരെ വധിച്ചു. ഗാസ സിറ്റിയിൽ പത്രപ്രവർത്തകനുൾപ്പെടെ 42 പേർ കൊല്ലപ്പെട്ടു. ഇറാന് മുന്നറിയിപ്പുമായി ആണവ അന്തർവാഹിനികളെ ഗൾഫ് കടലിൽ അമേരിക്ക വിന്യസിച്ചു.