ഗാസ : ഇസ്രയേല്‍ ഗാസയിലേക്കുള്ള വ്യോമാക്രമണം അവസാനിപ്പിച്ചാല്‍ ബന്ദികളാക്കിയ 199 പേരെയും വിട്ടയയ്ക്കാന് ഹമാസ് തയാറായിരുന്നുവെന്ന് ഇറാന്. ഇസ്രയേലില്‍നിന്നു പിടികൂടി ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ ഹമാസ് തയാറായിരുന്നു. എന്നാല്‍ ഗാസയുടെ വിവിധ ഭാഗങ്ങളില്‍ സിയോണിസ്റ്റുകള്‍ വ്യാപകമായി ബോംബ് വര്ഷിക്കുമ്പോള് അതേക്കുറിച്ചു ചിന്തിക്കാന്‍ പോലും സാധ്യമല്ലെന്നായിരുന്നു ഹമാസിന്റെ നിലപാടെന്ന് ഇറാനിയന്‍ വിദേശകാര്യ വക്താവ് നാസര്‍ കനാനി വ്യക്തമാക്കി.
എന്നാല്‍, ബന്ദികളെ മോചിപ്പിക്കാന്‍ ഒരുക്കമായിരുന്നെന്ന ഇറാന്റെ വെളിപ്പെടുത്തല്‍ ഹമാസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഹമാസിനെതിരെയുള്ള കരയാക്രമണത്തിന് രാഷ്ട്രീയ അനുമതി കാത്ത് ഇസ്രയേല്‍ സൈന്യം കാത്തിരിക്കുകയാണ്. കര, കടല്‍, ആകാശ മാര്‍ഗങ്ങളിലൂടെ ആക്രമണത്തിനു തയാറെടുത്തിരിക്കുകയാണെന്നു സൈന്യം അറിയിച്ചു.വടക്കന്‍ ഗാസയിലെ 11 ലക്ഷംപേര്‍ക്കായിരുന്നു തെക്കന്‍ ഗാസയിലേക്ക് മാറാന്‍ ഇസ്രയേല്‍ നിര്‍ദേശം നല്‍കിയത്.
സുരക്ഷയ്ക്കായി ജനങ്ങള്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഹമാസ് നേതാക്കളും അവരുടെ കുടുംബാംഗങ്ങളും സ്വന്തം സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും ഇസ്രയേല്‍ സൈന്യം പറഞ്ഞു. തെക്കന്‍ ഭാഗത്തേക്കു പോകുന്നവരെ ഹമാസ് തടയുകയാണെന്ന് ആരോപിച്ച ഇസ്രയേല്‍ സൈന്യം ഇതിനു തെളിവായി ചിത്രങ്ങളും പുറത്തുവിട്ടു. ഹമാസ് ഗ്രൂപ്പ് ആളുകളെ ‘മനുഷ്യപ്പരിച’യായി ഉപയോഗിക്കുകയാണെന്നും ഇസ്രയേല്‍ കുറ്റപ്പെടുത്തി. ഇസ്രയേല്‍ ബോംബാക്രമണം നടത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഹമാസ് ബന്ദികളെ പാര്‍പ്പിച്ചിരിക്കുകയാണെന്നും വിലയിരുത്തപ്പെടുന്നു.