ടെല്‍ അവീവ്: വടക്കന്‍ ഗാസയിലുള്ള ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ വ്യോമാക്രമണം നടത്തിയെന്ന് സഥിരീകരിച്ച് ഇസ്രയേല്‍. ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പുകളിലൊന്നാണ് ജബലിയ. 2023 ജൂലൈ വരെയുള്ള യുഎന്നിന്റെ കണക്കുകള്‍ പ്രകാരം ഇവിടെ 1,16,000 പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ എഴുപത് വര്‍ഷത്തിലധികമായി ഒന്നേകാല്‍ ലക്ഷം പലസ്തീനികള്‍ പാര്‍ക്കുന്ന അഭയാര്‍ഥി ക്യാമ്പാണ് ജബലിയയിലേത്. ഇവിടെ നൂറുകണക്കിന് ചെറുകൂരകളാണ് ഉണ്ടായിരുന്നതെന്നും ജനങ്ങള്‍ തിങ്ങിക്കഴിയുന്ന പ്രദേശമാണിതെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. ആക്രമണത്തില്‍ 50ലേറെ പേര് കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ജീവഹാനി സംബന്ധിച്ച കണക്കുകളുടെ യഥാര്‍ഥ ചിത്രം വ്യക്തമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
150 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര് കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേലാണ് ആക്രമണം നടത്തിയതെന്നു ഗാസ ആരോഗ്യമന്ത്രാലയം ആരോപിച്ചു. ജബലിയ ആക്രമണത്തിലൂടെ മുതിര്‍ന്ന ഹമാസ് കമാന്‍ഡറെ വധിച്ചെന്നും ഹമാസിന്റെ ഭൂഗര്‍ഭ ടണലിന്റെ ഒരു ഭാഗം തകര്‍ക്കാന്‍ സാധിച്ചുവെന്നും ഇസ്രയേല്‍ അറിയിച്ചു.