ഗാസസിറ്റി : ഗാസയിൽ സ്കൂളിനും ആംബുലൻസ് വ്യൂഹത്തിനും നേരെ ഇസ്രായേൽ ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു. ഗാസയിൽ സ്കൂളിനു നേരെയുണ്ടായ ആക്രമണത്തിൽ 20 പേരാണ് മരിച്ചത്. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. വടക്കൻ ഗാസയിലെ അഭയാർഥി ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളിനു നേരെയാണ് ആക്രമണമെന്നു ഹമാസ് ആരോഗ്യ മന്ത്രി വ്യക്തമാക്കി.
വടക്കൻ ഗാസയിലെ അൽ സഫ്താവിയിലാണ് സ്കൂൾ. നിരവധി ടാങ്ക് മോർട്ടാർ ഷെല്ലുകളാണ് കെട്ടിടത്തിൽ പതിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗാസയിലെ അൽ-ഷിഫ ആശുപത്രിക്ക് സമീപം ആംബുലൻസ് വാഹനവ്യൂഹത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു. ധാരാളംപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രോഗികളെ അൽ-ഷിഫ ആശുപത്രിയിൽ നിന്ന് റഫ അതിർത്തിയിലേക്ക് ആംബുലൻസുകളിൽ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ഗാസ സിറ്റിയിലെ ഏറ്റവും വലിയ ആശുപത്രിയാണ് അല്‍-ഷിഫ ഹോസ്പിറ്റൽ.
ഇസ്രയേല്‍ സൈന്യം ഗാസയില്‍ എല്ലാവിധ ശക്തിയോടെയും ആക്രമണം നടത്തുകയാണെന്നും ഹമാസിനെ നശിപ്പിക്കുന്നതിലും ബന്ദികളാക്കിയവരെ തിരികെ നാട്ടിലെത്തിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വക്താവ് ഡാനിയല്‍ ഹഗാരി നേരത്തെ വ്യക്തമാക്കിയിരുന്നു.