ഗാസ: ഗാസയിലെ ഹോസ്പിറ്റല്‍ വളപ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണസംഖ്യ 200 പിന്നിട്ടതായി വിവരം.ഗാസയിലെ അൽ-അഹ്ലി അറബ് ഹോസ്പിറ്റലിനു നേരെയാണ് ആക്രമണമുണ്ടായത്. എന്നാല്‍ വ്യോമാക്രമണത്തിന്റെ ഉത്തരവാദിത്തം നിഷേധിച്ച ഇസ്രയേൽ, ഹമാസ് വിട്ട റോക്കറ്റ് ലക്ഷ്യം തെറ്റി ആശുപത്രിയില്‍ പതിച്ചതാണെന്നാണ് ആരോപിക്കുന്നത്.
ഇസ്രയേലിന് പിന്തുണ ഉറപ്പാക്കുന്നതിനും ഹമാസിനെതിരായ യുദ്ധം അവസാനിപ്പിക്കുന്നതിനുമായുള്ള ചര്‍ച്ചകൾക്കായി യുഎസ് പ്രസിഡന്റ് ജോ ബൈഡന് പശ്ചിമേഷ്യയിൽ എത്തുന്നതിനു തൊട്ടുമുമ്പായിരുന്നു ആക്രമണം.ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചതിനു പിന്നാലെ ഇരുഭാഗത്തുമായി ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്
പത്തു ദിവസമായി തുടരുന്ന ഇസ്രയേല്‍ ബോംബാക്രമണത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ട 200നും 300നും ഇടയിലുള്ള ആളുകള്‍ ഗാസയിലെ അഹ്ലി അറബ് ആശുപത്രിയില്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ അധീനതയിലുള്ള ആരോഗ്യമന്ത്രാലയം പറഞ്ഞു.ബോംബാക്രമണത്തില്‍ വാസസ്ഥലം നഷ്ടമായവര്‍ കൂട്ടത്തോടെ ഹോസ്പിറ്റലുകളിലാണ് കഴിയുന്നത്. ആ സാഹചര്യത്തിലാണ് ഇത്തരമൊരു വ്യോമാക്രമണം നടന്നിരിക്കുന്നത്.
യുദ്ധക്കുറ്റമെന്നാണ് സംഭവത്തെ ജോർദാൻ വിശേഷിപ്പിച്ചത്. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ പ്രതിഷേധിച്ച് ജോര്‍ദാന്റെ തലസ്ഥാനമായ അമ്മാനിലെ ഇസ്രയേല്‍ ഏംബസിയിലേക്ക് വന്‍ പ്രകടനം നടന്നു. ജോര്ദാനെക്കൂടാതെ ഖത്തറും സൗദിയുമുള്പ്പെടെയുള്ള മറ്റ് അറബ്-മുസ്ലീം രാജ്യങ്ങളും വ്യോമാക്രമണത്തെ ശക്തമായി അപലപിച്ചു.