ഗാസ സിറ്റി : അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിച്ച് ഗാസയിലെ ആശുപത്രികൾ വളഞ്ഞാക്രമിച്ച് ഇസ്രയേൽ. ഗാസയിലെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയായ അൽ ഷിഫയിലെ തീവ്രപരിചരണ വിഭാഗം ഇസ്രയേൽ സൈന്യത്തിന്റെ ഷെൽ ആക്രമണത്തിൽ തകർന്നു. അവിടെ ഇൻക്യുബേറ്ററിൽ ചികിത്സയിലിരുന്ന നവജാത ശിശുവും ഒരു യുവാവും കൊല്ലപ്പെട്ടെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിരവധിപ്പേർക്ക് പരിക്കേറ്റു. ഇൻക്യുബേറ്ററുകളിലുള്ള 39 കുഞ്ഞുങ്ങളുടെ നില അപകടത്തിലാണ്. നിരോധിത ആയുധമായ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്. വൈദ്യുതി, ആശയ വിനിമയ ബന്ധം പൂർണമായി നിലച്ചതോടെ ആശുപത്രി ഒറ്റപ്പെട്ട നിലയിലാണ്. ചികിത്സയിലുള്ള 5000 രോഗികളും ചികിത്സ കാത്തിരിക്കുന്ന 800 രോഗികളും അഭയം തേടിയ നൂറുകണക്കിനുപേരും ആരോഗ്യപ്രവർത്തകരും ബന്ദികളാക്കപ്പെട്ട നിലയിലാണ്. അൽഖുദ്സ് ആശുപത്രിയുടെ 20 മീറ്റർ അടുത്ത് ഇസ്രയേൽ ടാങ്കുകൾ നിലയുറപ്പിച്ചിട്ടുണ്ടെന്നും ആശുപത്രിക്കുനേരെ തുടർച്ചയായി വെടിവയ്പ്പുണ്ടെന്നും റെഡ്ക്രസന്റ് അറിയിച്ചു.
ഒക്ടോബർ ആദ്യം അൽ അഹ്ലി ആശുപത്രിക്കുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 500 പേർ കൊല്ലപ്പെട്ടിരുന്നു. ജനീവ കൺവൻഷൻ പ്രകാരം ഗുരുതര യുദ്ധക്കുറ്റമായി ഗണിക്കുന്ന അതിക്രമത്തിൽ കുറ്റാരോപിതരായിരിക്കെയാണ് ഇസ്രയേൽ വീണ്ടും ആശുപത്രികൾ തകർക്കുന്നത്. വടക്കൻ ഗാസയിലെ വീടുകളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. നുസെറാത്ത് അഭയാർഥി ക്യാമ്പിനുനേരെ ഉണ്ടായ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ബെയ്റ്റ് ലാഹിയയിൽ ഇസ്രയേൽ മിസൈലുകൾ പതിച്ച വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകർ ഏഴ് മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതോടെ ഗാസയിൽ മരിച്ചവരുടെ എണ്ണം 11,100 ആയി. കഴിഞ്ഞദിവസം 50 പേരുടെ മരണത്തിന് ഇടയാക്കിയ അൽ ബുറാഖ് ആശുപത്രി ആക്രമണം ഹമാസ് കമാൻഡർ അഹമ്മദ് സിയാമിനെ വധിക്കാൻ ലക്ഷ്യമിട്ട് നടത്തിയതാണെന്ന് ഇസ്രയേൽ അവകാശ പ്പെട്ടു.