ടെൽ അവിവ്: സിറിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി. ഹിസ്ബുല്ലക്ക് ആയുധം കൈമാറുന്ന കേന്ദ്രത്തിനു നേരെയാണ് ആക്രമണം നടത്തിയതെന്ന ഇസ്രായേൽ ആരോപണം ഇറാൻ തള്ളി. ബൈഡന്റെ നേതൃത്വത്തിൽ ഗാസയിലെയും മേഖലയിലെയും സ്ഥിതിഗതികൾ വിലയിരുത്തി അമേരിക്കൻ ദേശീയസുരക്ഷാ സമിതി രംഗത്തെത്തി.
സിറിയയിൽ ഞായറാഴ്ച രാത്രിയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. 52ലേറെ പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. മധ്യ സിറിയയിൽ ഹമ പ്രവിശ്യയിലെ മസ്യാഫ് മേഖലയിലാണ് ആക്രമണം നടന്നത്. തീര നഗരമായ താർതൂസിനടുത്തും ആക്രമണം ഉണ്ടായി.സിവിലിയൻമാരാണ് കൊല്ലപ്പെട്ടവരിൽ ഏറെയും. ലബനാനിലെ ഹിസ്ബുല്ലക്ക് ആയുധവിതരണം നടക്കുന്ന കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന വാദം ഇറാനും സിറിയയും നിഷേധിച്ചു. തെഹ്റാൻ പിന്തുണയുള്ള കേന്ദ്രം തകർത്തുവെന്ന ഇസ്രായേൽ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി പറഞ്ഞു. സിറിയക്കെതിരായ ഇസ്രായേൽആക്രമണത്തെ ഒമാൻ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ അപലപിച്ചു.
വെടിനിർത്തൽ ചർച്ച നിലച്ചിരിക്കെ, ഗാസയിൽ സ്വീകരിക്കേണ്ട തുടർ നീക്കങ്ങളും മേഖലയിലെ പ്രതിസന്ധിയും ബൈഡൻ ഭരണകൂടം ചർച്ച ചെയ്തതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദേശീയസുരക്ഷാ സമിതി യോഗത്തിലാണ് ചർച്ച നടന്നത്. ഹമാസ് പിടിയിലുള്ള ആറ് അമേരിക്കൻ ബന്ദികളുടെ മോചനത്തിന് മധ്യസ്ഥ രാജ്യങ്ങളുമായി ബൈഡൻ പ്രത്യേക ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്. ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്നലെ 33 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിൽ യു.എൻ വാഹനവ്യൂഹം ഇസ്രായേൽ സേന തടഞ്ഞു. ഫലസ്തീൻ പോരാളികളുടെ സാന്നിധ്യം മുൻനിർത്തിയാണ് നടപടിയെന്ന ഇസ്രായേൽ വാദം യു.എൻ തള്ളി. അതിനിടെ, പുതിയ അധ്യയനവർഷത്തിലും പഠനം നിഷേധിക്കപ്പെട്ട സ്ഥിതിയിൽ ഗാസ വിദ്യാർഥികൾ. ആറ് ലക്ഷത്തിലേറെ വിദ്യാർഥികൾക്കാണ് രണ്ടാം വർഷവും അക്ഷരങ്ങൾ നിഷേധിക്കപ്പെടുന്നത്.