ടെല്‍ അവീവ്: യുദ്ധം കലുഷിതമാകുന്ന മണ്ണില്‍ നിന്നും ലോകത്തെ നൊമ്പരത്തിലാഴ്ത്തി പ്രാണന് രക്ഷിക്കാനുള്ള നിലവിളികള്‍. വടക്കന്‍ ഗാസയില്‍ ഞായറാഴ്ച രാത്രി ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 30 പേര് കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്.
ഗാസ നഗരത്തില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ജബലിയയിലെ അഭയാര്‍ഥി ക്യാമ്പിനും ആളുകള്‍ താമസിച്ചിരുന്ന കെട്ടിടത്തിനും നേരെയാണ് ആക്രമണമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേര് കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രദേശത്ത് മരിച്ചവരുടെ എണ്ണം 270 പിന്നിട്ടുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ 117 കുട്ടികളും ഉള്‍പ്പെടുന്നു. ഒക്ടോബര്‍ ഏഴു മുതല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ പലസ്തീനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4651 ആയി. ഗാസയില്‍ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഹമാസ് നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഇസ്രയേല്‍ സൈനികന് കൊല്ലപ്പെട്ടുവെന്നും മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇസ്രയേല്‍ വ്യോമസേന ലബനോന്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയിരുന്നു. ഹിസ്ബുല്ലയുടെ പോസ്റ്റുകള്‍ തകര്‍ത്തതായി ഇസ്രയേല്‍ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രതികൂല സാഹചര്യത്തിനിടയിലും ഗാസയിലേക്ക് 14 ട്രക്കുകള്‍ കൂടി റഫ അതിര്‍ത്തി കടന്നെത്തി. മേഖലയില്‍ ആക്രമണം തുടര്‍ന്നാല്‍ സ്ഥിതി നിയന്ത്രണാതീതമാകുമെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അമേരിക്കയും ഇസ്രയേലും മുന്നോട്ടുവച്ച പരിശോധനാ വ്യവസ്ഥകള്‍ പാലിച്ചാണ് ട്രക്കുകള്‍ അതിര്‍ത്തി കടന്നത്. നേരത്തേ, മരുന്നും ശുദ്ധജലവും ഭക്ഷ്യസാധനങ്ങളുമായി 20 ട്രക്കുകള്‍ ഈജിപ്ത് തുറന്നുകൊടുത്ത റഫാ അതിര്‍ത്തി വഴി ഗാസയിലെത്തിയിരുന്നു.