ബെയ്റൂത്ത്: ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിൽ ഇസ്രായേലിന്റെ വ്യാപക ബോംബാക്രമണം. തെക്കൻ ബെയ്റൂത്തിലുണ്ടായ ആക്രമണത്തിൽ ജനവാസമേഖലയിലെ നാല് കെട്ടിടങ്ങൾ പൂർണമായി തകർത്തു. ഹിസ്ബുല്ലയുടെ സെൻട്രൽ കമാൻഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഹസൻ നസ്റുല്ല സുരക്ഷിതനാണെന്ന് ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒരു മരണം അധികൃതർ സ്ഥിരീകരിച്ചു. 50 പേർക്കു പരുക്കേറ്റു. സ്ഫോടനത്തിന്റെ ആഘാതത്തിൽ 24 കിലോമീറ്റർ അകലെയുള്ള കെട്ടിടങ്ങളും കുലുങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച, ഹിസ്ബുല്ലയുടെ മുതിർന്ന നേതാവ് ഇബ്രാഹിം ആക്വിൽ കൊല്ലപ്പെട്ടത് ദഹിയയിൽ ഇസ്രയേൽ നടത്തിയ സമാനമായ ആക്രമണത്തിലാണ്. അതിർത്തിനഗരമായ ഷെബായിൽ ഇന്നലെ പുലർച്ചെ 3ന് ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. ഇതിൽ 4 കുട്ടികളടക്കം ഒരു കുടുംബത്തിലെ 9 പേരും ഉൾപ്പെടുന്നു. തിങ്കളാഴ്ചയ്ക്കുശേഷം ഇസ്രയേൽ ആക്രമണങ്ങളിൽ ലബനനിൽ എഴുനൂറോളം പേർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ലബനനിൽനിന്ന് 90,000 പേർ പലായനം ചെയ്തതായി യുഎൻ വ്യക്തമാക്കി.
അതേസമയം ലബനാനിൽ കരയാക്രമണത്തിനായി ഇസ്രായേൽ എല്ലാവിധ സജ്ജീകരണങ്ങളും തയ്യാറാക്കിയതായാണ് വിവരം. സേനയും മറ്റ് യുദ്ധ ടാങ്കറുകളും ലബനാൻ അതിർത്തിയിൽ നിരന്നതായാണ് റിപ്പോർട്ടുകൾ. ഗസ്സയ്ക്കും ലബനാനിനും നേരെയുള്ള ആക്രമണം തുടരുമെന്ന് യുഎൻ പൊതുസഭയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.ലബനാനിൽ ഈ ആഴ്ച മാത്രം 700ഓളം പേർക്കാണ് ഇസ്രായേൽ വ്യോമാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടത്. രണ്ട് ലക്ഷത്തിലേറെ മനുഷ്യർ ഇതിനകം പലായനം ചെയ്തെന്നാണ് കുടിയേറ്റക്കാർക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനയുടെ കണക്ക്.