ഗാസ സിറ്റി: ഗാസയിലെ അല്‍ ഷിഫ ആശുപത്രിക്ക് സമീപം ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. ആശുപത്രിയിലുള്ള 43 നവജാതശിശുക്കളേയും രോഗികളേയും മറ്റ് ആശുപത്രിയിലേക്ക് മാറ്റാന്‍ സഹകരിക്കാമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്.
ഇവിടെ അത്യാഹിതവിഭാഗത്തില്‍ കഴിഞ്ഞിരുന്ന രണ്ട് ശിശുക്കള്‍ ശനിയാഴ്ച മരിച്ചിരുന്നു. വൈദ്യുതി വിതരണം നിലച്ചതും ഇന്ധനം തീര്‍ന്നതുമാണ് ഇന്‍ക്യുബേറ്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായത്. യുദ്ധം ശക്തമായി തുടരുന്നതിനാല്‍ ഇവിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്. ഓരോ പത്ത് മിനിട്ടിലും ഗാസയില്‍ ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന ശനിയാഴ്ച ചൂണ്ടിക്കാട്ടിയിരുന്നു. ഗാസ ഭൂമിയിലെ നരകമായി മാറിക്കഴിഞ്ഞെന്നും യുഎന്നിന്റെ മാനുഷിക വിഭാഗ കാര്യാലയം വ്യക്തമാക്കിയിരുന്നു. കുഞ്ഞുങ്ങളോടുള്ള അതിക്രമം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ ദിവസവും ഗാസയില്‍ 134 കുട്ടികള്‍ മരിച്ചുവീഴുന്നുണ്ടെന്നും ഇതിനോടകം പതിനായിരം കടന്ന മരണസംഖ്യയിലെ നാല്പത് ശതമാനവും കുട്ടികളാണെന്നും റിപ്പോര്‍ട്ട് വന്നിരുന്നു.