ടെഹ്റാന് : ഹിജാബ് ധരിക്കാത്തതിന് പൊലീസിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട മഹ്സ അമിനിയുടെ കുടുംബത്തിന് രാജ്യത്തിന് പുറത്തേക്ക് പോകുന്നതിന് വിലക്കേര്‍പ്പെടുത്തി ഇറാന് ഭരണകൂടം. യൂറോപ്യന്‍ യൂണിയന് ഏര്‍പ്പെടുത്തിയ മനുഷ്യാവകാശ പുരസ്കാരം വാങ്ങാന്‍ പോകുന്നതിനാണ് മഹ്സയുടെ കുടുംബത്തെ വിലക്കിയത്.
അമിനിയുടെ പിതാവ് അംജദിനെയും രണ്ട് സഹോദരന്മാരെയുമാണ് ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് പുരസ്കാരം വാങ്ങുന്നതിന് വിലക്കിയതെന്ന് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍എഎന്‍എ വ്യക്തമാക്കി. മഹ്സയുടെ അഭിഭാഷകന് മാത്രമാണ് യാത്രാനുമതി നല്‍കിയത്.
സോവിയറ്റ് വിമതനും സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവുമായ ആന്ദ്രേ സഖറോവിന്റെ പേരിലുള്ള അവാര്‍ഡിനാണ് മഹ്സ അര്‍ഹയായത്. മനുഷ്യാവകാശങ്ങളും മൗലിക സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്ന വ്യക്തികളെയോ ഗ്രൂപ്പുകളെയോ ബഹുമാനിക്കുന്നതിനായി 1988-ലാണ് യൂറോപ്യന്‍ യൂണിയന് ഈ പുരസ്കാരം തുടങ്ങിയത്.
ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് സദാചാര പൊലീസിന്റെ അറസ്റ്റിലായ മഹ്സ കസ്റ്റഡിയിലിരിക്കെ തലയ്ക്കേറ്റ ക്ഷതത്തെ തുടർന്ന് ചികിത്സയിലിരിക്കെ 2022 സെപ്തംബർ 16നാണ് മരിച്ചത്. ഇതിനു പിന്നാലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി രാജ്യത്തെ ഭരണകൂടത്തിനെതിരെ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടു. മഹ്സയുടെ ഒന്നാം ചരമവാഷികത്തോടനുബന്ധിച്ചുള്ള ചടങ്ങ് നടത്തുന്നതിൽ നിന്നും കുടുംബത്തെ ഇറാൻ ഭരണകൂടം വിലക്കിയിരുന്നു.