തെഹ്റാൻ : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുൻപ് തന്നെ ഇസ്രായേലിനു നേരെ ഇറാന്റെ തിരിച്ചടിയുണ്ടാകുമെന്ന് സൂചന. ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ ‘ആക്സിയോസ്’ ആണ് വാർത്ത പുറത്തുവിട്ടത്. അതിനിടെ, പ്രത്യാക്രമണത്തിന് ഒരുങ്ങാൻ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ സൈന്യത്തിനു നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.
ഇറാഖിൽനിന്ന് ഇസ്രായേലിനെ ആക്രമിക്കാനാണ് ഇറാൻ പദ്ധതിയിടുന്നതെന്നാണ് ‘ആക്സിയോസ്’ റിപ്പോർട്ട് വെളിപ്പെടുത്തിയത്. ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചായിരിക്കും ആക്രമണം. ഇസ്രായേലി ഇന്റലിജൻസ് വൃത്തങ്ങളാണു മാധ്യമത്തിനു വിവരങ്ങൾ കൈമാറിയത്.
ഇറാൻ നേരിട്ടായിരിക്കില്ല ആക്രമണം നടത്തുകയെന്നാണു വെളിപ്പെടുത്തൽ. ഇറാഖിലുള്ള ഇറാൻ അനുകൂല സായുധ വിഭാഗങ്ങളെയാകും ഇതിനായി ഉപയോഗിക്കുക. ഇറാനുനേരെയുള്ള ഇസ്രായേലിന്റെ പ്രത്യാക്രമണം തടയുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.