തെഹ്റാൻ: പ്രസിഡന്റ് ഇബ്രാഹിം റയീസിയുടെ മൃതദേഹം വടക്കുകിഴക്കൻ നഗരമായ മഷാദിൽ വ്യാഴാഴ്ച സംസ്കരിക്കുമെന്ന് ഇറാനിയൻ എക്സിക്യൂട്ടീവ് അഫയേഴ്സ് വൈസ് പ്രസിഡന്റ് മൊഹ്സെൻ മൻസൂരി പറഞ്ഞു.റയീസിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര തബ്രിസ്, കോം, തലസ്ഥാനമായ ടെഹ്റാൻ, ബിർജന്ദ്, മഷാദ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വ്യാഴാഴ്ച രാത്രി മഷാദിലെ ഇമാം റെസയുടെ ദേവാലയത്തിൽ സംസ്കരിക്കും. സംഭവത്തിൽ ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി തിങ്കളാഴ്ച അഞ്ച് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യത്ത് ചൊവ്വാഴ്ച മുതൽ വ്യാഴം വരെയുള്ള പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജൂൺ 28 ന്
രാജ്യത്തെ 14-ാമത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജൂൺ 28 ന് നടക്കും.നിലവിൽ താൽക്കാലിക പ്രസിഡന്റായി ചുമതലയേൽക്കുന്ന മുഹമ്മദ് മുഖ്ബർ, ജുഡീഷ്യറി ചീഫ് ഗൊലാംഹുസൈൻ മൊഹ്സെനി-ഇജെയ്, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബക്കർ ഖാലിബാഫ്, നിയമകാര്യ വൈസ് പ്രസിഡന്റ് മുഹമ്മദ് ദെഹ്ഖാൻ, ഇറാനിയൻ ഭരണഘടനാ സമിതിയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും പ്രതിനിധികളുൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചത്.
ഇറാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 131 പ്രകാരം, അധികാരത്തിലിരിക്കെ പ്രസിഡന്റ് മരിക്കുകയോ അസുഖബാധിതനാവുകയോ ചെയ്താൽ പരമോന്നത നേതാവിന്റെ അനുമതിയോടെ രാജ്യത്തെ ആദ്യത്തെ വൈസ് പ്രസിഡന്റിന് ഇടക്കാല പ്രസിഡന്റാവാം. 50 ദിവസത്തിനുള്ളിൽ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തണം.ഇറാൻ പ്രസിഡന്റ് ഇബ്റാഹിം റഈസി ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുല്ലാഹിയാൻ, കിഴക്കൻ അസർബൈജാൻ പ്രവിശ്യാ ഗവർണർ മാലിക് റഹ്മത്തി, കിഴക്കൻ അസർബൈജാനിലേക്കുള്ള ഇറാനിയൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷി എന്നിവരാണ് കഴിഞ്ഞ ദിവസം നടന്ന ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത്.