ടെല്‍ അവീവ്:ഗാസയിലെ സൈനിക നടപടി നിര്‍ത്തിവയ്ക്കാന്‍ ഇസ്രയേലിന് അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ്. സഹായമെത്തിക്കാന്‍ റഫ അതിര്‍ത്തി തുറക്കാനും ഉത്തരവില്‍ പറയുന്നു. ഇസ്രയേല്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് ഒരുമാസത്തിനകം സമര്‍പ്പിക്കണമെന്നും രാജ്യാന്തര കോടതി ആവശ്യപ്പെട്ടു.
അതേസമയം കോടതി നിര്‍ദേശം ഇസ്രയേല്‍ തള്ളി. ഗാസയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഹമാസ് പോരാളികള്‍ക്കെതിരായ സ്വയരക്ഷയുടെ പ്രവര്‍ത്തനങ്ങളാണെന്നാണ് ഇസ്രയേലിന്റെ വാദം. പലസ്തീന് ജനത അപകടത്തിലാണെന്നും ഇസ്രയേല്‍ വംശഹത്യ നടത്തുന്നുവെന്നും ചൂണ്ടിക്കാണിച്ച് ദക്ഷിണാഫ്രിക്ക നല്കിയ പരാതിയിലാണ് നടപടി. ഈ വർഷം മൂന്നാമത്തെ തവണയാണ് ഗാസയിലെ മരണങ്ങളും മാനുഷിക ദുരിതങ്ങളും നിയന്ത്രിക്കാനായി 15 അംഗ പാനല്‍ ഉത്തരവിടുന്നത്.
ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെ ഗാസയിലെ റഫാ മേഖയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. മെയ് ആറിന് ഇസ്രയേല്‍ സൈന്യം തീവ്രമായ ആക്രമണം നടത്തിയതിന് ശേഷവും പതിനായിരക്കണക്കിനാളുകളാണ് റഫായില്‍ തുടരുന്നത്. ഒക്ടോബര്‍ ഏഴ് മുതല്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 35,562 പേര് കൊല്ലപ്പെട്ടു. 79,652 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.