വാഷിങ്ടൺ : അമേരിക്കയിൽ താമസിക്കുന്ന 487 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൂടി തിരിച്ചറിഞ്ഞതായും അവരെ ഉടൻ തിരിച്ചയക്കുമെന്നും യു.എസ് അധികൃതർ അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.
വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രയാണ് ഈ വിവരം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ ഈ സംഖ്യകൾ ഉയർന്നേക്കാമെന്ന് വിദേശകാര്യ സെക്രട്ടറി സൂചിപ്പിച്ചു.
ജനുവരി 5നാണ് നാടുകടത്തപ്പെട്ട 104 കുടിയേറ്റക്കാരുമായി യു.എസ് സൈനിക വിമാനം അമൃത്സറിൽ വന്നിറങ്ങിയത്. അനധികൃത കുടിയേറ്റക്കാർക്കെതിരായ കർശന നടപടിയുടെ ഭാഗമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിന് കീഴിലുള്ള ആദ്യത്തെ വലിയ തോതിലുള്ള നാടുകടത്തലാണിത്.
തിരിച്ചയക്കപെട്ടവരുടെ കൈകളും കാലുകളും വിലങ്ങാനിയത്തിനെതിരെ വൻ പ്രതിഷേധമായിരുന്നു ഉയർന്നത്. 2009 മുതൽ ആകെ 15,668 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ യു.എസിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അടുത്തിടെ അറിയിച്ചിരുന്നു.