ഒട്ടാവ: ഖലിസ്ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയതായി റിപ്പോർട്ട്. കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളിയെ ഉദ്ധരിച്ച് വിവിധ രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പവൻ കുമാർ റായിക്കാണ് രാജ്യം വിടാൻ നിർദേശം നൽകിയത്.
ഹർദീപിന്റെ കൊലയ്ക്ക് പിന്നിൽ ഇന്ത്യയാകാമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റീൻ ട്രൂഡോ പാർലമെന്റിൽ പറഞ്ഞു. കാനഡയിലെ ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ ഇന്ത്യയ്ക്കെതിരെ തെളിവുകൾ ലഭിച്ചതായും ട്രൂഡോ ആരോപിച്ചു. ഇതിനു പിന്നാലെയാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയത്.കനേഡിയൻ മണ്ണിൽ ഒരു കനേഡിയൻ പൗരനെ കൊലപ്പെടുത്തുന്നതിൽ ഒരു വിദേശ സർക്കാരിന്റെ പങ്കാളിത്തം നമ്മുടെ പരമാധികാരത്തിൻമേലുള്ള കടന്നുകയറ്റമാണ്. ഇത് സ്വതന്ത്രവും തുറന്നതും ജനാധിപത്യപരവുമായ സമൂഹങ്ങൾ സ്വയം നടത്തുന്ന അടിസ്ഥാന നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ട്രൂഡോ പറഞ്ഞു.
നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ, വളരെ ഗുരുതരമായ ഈ വിഷയത്തിൽ ഞങ്ങൾ ഞങ്ങളുടെ സഖ്യകക്ഷികളുമായി ചേർന്നു പ്രവർത്തിക്കും. ഇന്ത്യ അന്വേഷണത്തിൽ പങ്കെടുക്കണമെന്ന് ട്രൂഡോ ആവശ്യപ്പെട്ടു.വിഷയം ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉന്നയിച്ചിരുന്നുവെന്നും ട്രൂഡോ പാർലമെന്റിൽ പറഞ്ഞു. അതേസമയം ജി20 ഉച്ചകോടിയിൽ ഖലിസ്ഥാൻ വിഷയത്തിൽ ശക്തമായ പ്രതിഷേധം നരേന്ദ്ര മോദി ജസ്റ്റീൻ ട്രൂഡോയെ അറിയിച്ചിരുന്നു.
നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുള്ള ബന്ധം വ്യക്തമായ സാഹചര്യത്തിലാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്നതെന്ന് മെലാനി ജോളി വിശദീകരിച്ചതായി അൽ ജസീറ ഉൾപ്പെടെയുള്ള രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘ഇന്ത്യയുടെ നടപടി കാനഡയുടെ പരമാധികാരത്തിൻമേലുള്ള കടന്നുകയറ്റമെന്ന നിലയിൽ അസ്വീകാര്യമാണ്. അതുകൊണ്ടാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയ വിവരം പുറത്തുവിടുന്നത്’ – മെലാനി ജോളി പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.അതേസമയം ഇന്ത്യൻ എംബസി സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.
കാനഡയിലെ ഖലിസ്ഥാൻ അനുകൂല വിഘടനവാദ ഗ്രൂപ്പായ സിക്ക് ഫോർ ജസ്റ്റീസിന്റെ പ്രധാന നേതാവായിരുന്നു ഹർദീപ് സിംഗ് നിജ്ജാർ.കനേഡിയൻ പൗരനായ നിജ്ജാർ, പഞ്ചാബ് മേഖലയിലെ ഖലിസ്ഥാൻ ഭരണകൂടത്തിന്റെ സ്വാതന്ത്ര്യത്തെ പിന്തുണച്ചയാളായിരുന്നു. ജൂണ് 18ന് ഗുരു നാനാക്ക് ഗുരുദ്വാരയുടെ പാർക്കിംഗിൽ വച്ചാണ് നിജ്ജാറിനെ അജ്ഞാതർ കൊലപ്പെടുത്തിയത്. കൊലപാതകത്തിനു പിന്നിൽ ഇന്ത്യയാണെന്ന് സിക്ക് ഫോർ ജസ്റ്റീസും ആരോപിച്ചിരുന്നു. 2021ൽ ജലന്ധറിൽ ഹിന്ദു പൂജാരിയെ ആക്രമിച്ചത് ഉൾപ്പെടെ നിരവധി കേസുകളിൽ നിജ്ജാർ പ്രതിയായിരുന്നു. നിജ്ജാർ ഒരു ഭീകരനാണെന്ന് ഇന്ത്യൻ സർക്കാർ ആവർത്തിച്ച് വാദിച്ചിരുന്നു. എന്നാൽ നിജ്ജാറിന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.