മോസ്കോ : ആഗോള സൂപ്പര്‍പവര്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാന്‍ ഇന്ത്യയ്ക്ക് എന്തുകൊണ്ടും അര്‍ഹതയുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. ‘150 കോടി ജനങ്ങളുള്ള ഇന്ത്യയെ ആഗോള മഹാശക്തികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ലോകത്തെ എല്ലാ സമ്പദ്വ്യവസ്ഥകള്‍ക്കിടയിലും ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച രേഖപ്പെടുത്തുന്ന രാജ്യമാണ് ഇന്ത്യ. പുരാതന സംസ്കാരവും, കൂടുതല്‍ വളര്‍ച്ചയ്ക്കുള്ള സാധ്യതകളും കണക്കിലെടുത്താല്‍ ഇന്ത്യയെ നിസ്സംശയമായും സൂപ്പര്‍ പവറുകളുടെ പട്ടികയിലേക്ക് ചേര്‍ക്കണം,’ – പുടിന് പറഞ്ഞു.വ്യാഴാഴ്ച സോചിയിലെ വാല്‍ഡായി ഡിസ്ക്ഷന്‍ ക്ലബിനെ അഭിസംബോധന ചെയ്യുകയായിരുന്നു പുടിന്.
ഇന്ത്യ മഹത്തായ രാജ്യമാണെന്നും ഉഭയകക്ഷി ബന്ധം എല്ലാ ദിശകളിലും വികസിക്കുകയാണെന്നും പുടിന് പറഞ്ഞു. ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഇന്ത്യയുമായി റഷ്യയുടെ ഉഭയകക്ഷി ബന്ധം ശക്തമാണെന്നും എല്ലാ മേഖലയിലും, പ്രത്യേകിച്ച് സുരക്ഷ, പ്രതിരോധ രംഗങ്ങളില്‍ സഹകരിച്ച് വലിയ മുന്നേറ്റമുണ്ടാക്കാനായെന്നും അദ്ദേഹം പറഞ്ഞു. ചൈന റഷ്യയുടെ സഖ്യകക്ഷിയാണ്. ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നത്തില്‍ തര്‍ക്കങ്ങളുണ്ടെങ്കിലും യാഥാര്‍ഥ്യബോധത്തോടെ ഇരുരാജ്യങ്ങളും അതു പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പുടിന് പറഞ്ഞു.