ബെയ്റൂട്ട് : ലെബനന്-ഇസ്രയേല്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നുള്ള സമാധാന സേനയെ വിന്യസിച്ച് യുഎന്‍. ഹിസ്ബുള്ളയുമായി ഏറ്റുമുട്ടല്‍ നടക്കുന്ന ഇസ്രയേലിന്റെ തെക്കന്‍ അതിര്‍ത്തിയിലാണ് ഇന്ത്യന്‍ സേനാംഗങ്ങളെ യുഎന്‍ വിന്യസിച്ചിരിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളില്‍ പങ്കാളികളാകാനായി ഇന്ത്യ വിട്ടുനല്‍കിയ സൈനികരാണ് ഇവര്‍. ഹിസ്ബുള്ളയും ഇസ്രയേലും തമ്മില്‍ ഇന്നും പോരാട്ടം നടന്നിരുന്നു. ലെബനിനില്‍ നിന്ന് ഹിസ്ബുള്ള നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു ഇസ്രയേല്‍ പൗരന് കൊല്ലപ്പെട്ടു. ഇതിന് മറുപടിയായി, ഇസ്രയേല്‍ സേന ലെബനന് അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ച് പ്രത്യാക്രമണം നടത്തി.
ഹമാസിനൊപ്പം പോരാട്ടത്തിന് തയ്യാറാണെന്ന് ഹിസ്ബുള്ള പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ലെബനനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ സമ്പൂര്‍ണ സൈനിക വിന്യാസം നടത്തിയതായി ഇസ്രയേല്‍ അറിയിച്ചു. ഇസ്രയേലിന്റെ അതിര്‍ത്തി സമീപം വരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുമെന്ന് ഇസ്രയേല്‍ സേന അറിയിച്ചു.