ന്യൂയോര്‍ക്ക : അമേരിക്കയില്‍ കോടീശ്വരരായ ഇന്ത്യന്‍ ദമ്പതികളെയും കൗമാരക്കാരിയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. മസാച്യുസെറ്റസിലെ ആഡംബര വസതിയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.രാകേഷ് കമാല്‍ (57), ഭാര്യ ടീന (54) അരിയാന (18) എന്നിവരാണ് മരിച്ചത്.
ദുരന്തത്തെ ‘ഗാര്‍ഹിക പീഡന സാഹചര്യം’ എന്ന് വിശേഷിപ്പിച്ച ജില്ലാ അറ്റോര്‍ണി ഭര്‍ത്താവിന്റെ മൃതദേഹത്തിന് സമീപം തോക്ക് കണ്ടെത്തിയതായി പറഞ്ഞു. എന്നാല്‍ മൂവരും വെടിയേറ്റാണോ മരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ആത്മഹത്യയാണോ, കൊലപാതകമാണോ എന്നറിയുന്നതായി മെഡിക്കല്‍ എക്സാമിനറുടെ വിശദീകരണത്തിനായി കാത്തിരിക്കുകയാണെന്നും മോറിസി പറഞ്ഞു പറഞ്ഞു.
ബോസ്റ്റനില്‍ ഇവര്‍ എഡുനോവ എന്ന വിദ്യാഭ്യാസ സ്ഥാപനം നടത്തിയിരുന്നു. 2016ല്‍ ആരംഭിച്ച സ്ഥാപനം 2021 ഓടെ പൂട്ടിയിരുന്നു. എന്നാല്‍ ഈ കുടുംബം സമീപകാലത്തായി കടുത്ത സാമ്പത്തിക പ്രയാസങ്ങള്‍ നേരിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത ദിവസങ്ങളായി ഇവരെ കുറിച്ച് ഒരുവിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ഒരു ബന്ധു വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടുബത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്ന് ജില്ലാ അറ്റോര്‍ണി പറഞ്ഞു.
കോടികള്‍ വിലമതിക്കുന്ന ഇവരുടെ വസതി ഒരു വര്‍ഷം മുമ്പ് ജപ്തി ചെയ്യപ്പെടുകയും മസാച്യുസെറ്റ്സ് ആസ്ഥാനമായുള്ള വില്‍സണ്‍ഡേല്‍ അസോസിയേറ്റ്സ് എല്‍എല്‍സിക്ക് 3 മില്യണ്‍ ഡോളറിന് വില്‍ക്കുകയും ചെയ്തിരുന്നു. 11 കിടപ്പുമുറികളും 13 ബാത്ത്റൂമുകളുമുള്ള 19,000 ചതുരശ്ര അടിയുമുള്ള എസ്റ്റേറ്റ് 2019-ല്‍ 4 മില്യണ്‍ ഡോളറിനാണ് ഇവര്‍ വാങ്ങിയത്.
വിദ്യാഭ്യാസ സ്ഥാപനം പൂട്ടിയതിന് പിന്നാലെ 2022ല്‍ ടീന പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തെങ്കിലും മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ കേസ് തള്ളിയിരുന്നു.