ന്യൂഡൽഹി : ഡ്രോൺ ആക്രമണത്തിൽ തകരാറിലായ ചരക്ക് കപ്പൽ മുംബൈ തീരത്തേക്ക് അടുപ്പിക്കുന്നു. കപ്പലുമായി ആശയവിനിമയം സാധ്യമായതായും കോസ്റ്റ് ഗാർഡ് കപ്പലായ വിക്രം ചരക്ക് കപ്പലിനെ അനുഗമിക്കുമെന്നും കപ്പലിന്റെ തകരാർ മുംബൈ തീരത്ത് വച്ച് പരിഹരിക്കുമെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു.
അറബിക്കടലിൽ ഗുജറാത്ത് തീരത്തിന് അടുത്തുവച്ച് നടന്ന ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചില്ലെന്ന് അധികൃതർ പറഞ്ഞു. എംവി ചെം പ്ലൂട്ടോ എന്ന ഇസ്രയേല്‍ ബന്ധമുള്ള കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഗുജറാത്തിലെ പോർബന്തർ തീരത്തിന് 217 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിലാണ് കപ്പലിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായത്.
സ്ഫോടനത്തെ തുടർന്ന് കപ്പലിന് തീപിടിച്ചെങ്കിലും 20 ഇന്ത്യാക്കാരടക്കം ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ മാസം ഇസ്രയേലിന്റെ ചരക്കു കപ്പലിനു നേരെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു.