ന്യൂഡല്‍ഹി : നരേന്ദ്രമോദിയെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമര്‍ശത്തിന് പിന്നാലെ ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളാകുന്നു. മാലിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മുനു മഹാവറിനെ മാലിദ്വീപ് ഭരണകൂടം വിളിച്ചു വരുത്തി.
മാലിദ്വീപ് ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷഹീബിനെ കേന്ദ്ര വിദേശകാര്യമന്ത്രാലയം വിളിച്ചു വരുത്തിയിരുന്നു. ഇതിനു തിരിച്ചടിയായിട്ടാണ് മാലിദ്വീപിന്റെ നടപടിയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ സംഘര്‍ഷഭരിതമായി.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മാലിദ്വീപ് മന്ത്രിമാരുടെ അധിക്ഷേപപരാമര്‍ശത്തില്‍ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെയാണ് മാലദ്വീപിലെ ഡപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്സും മജീദ് എന്നിവർ മോശം പരാമർശം നടത്തിയത്.
മോദി കോമാളിയാണെന്നും ഇസ്രയേലിന്റെ കയ്യിലെ പാവയാണെന്നും മന്ത്രി മറിയം ഷിയുന അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് പരാമർശം പിൻവലിച്ചു. മോദിക്കെതിരായ പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന് മൂന്നു മന്ത്രിമാരെ മാലിദ്വീപ് ഭരണകൂടം സസ്പെന്‍ഡ് ചെയ്തിരുന്നു. മറിയം ഷിയുനയുടെ പ്രസ്താവന വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും അത് സര്‍ക്കാര്‍ നയമല്ലെന്നും മാലിദ്വീപ് ഭരണകൂടം വ്യക്തമാക്കുകയും ചെയ്തിരുന്നു.