തിരുവനന്തപുരം : സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടത്തി വരുന്ന ഇടപെടലുകൾക്ക് കേന്ദ്ര അംഗീകാരം. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്കാരങ്ങളിലാണ് കേരളത്തിന്റെ നേട്ടം.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ സജീവമായ ഇടപെടൽ എന്ന വിഭാഗത്തിലാണ് കേരളത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഈ മാസം പത്തിന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുരസ്കാരം കൈമാറും.
‘സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള നമ്മുടെ ശ്രമങ്ങൾ അംഗീകരിക്കപ്പെട്ടതിൽ കേരളത്തിന് അഭിമാന നിമിഷം. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിൻ്റെ (I4C) സ്ഥാപക ദിനാചരണത്തിൻ്റെ ഭാഗമായി, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ പ്രശംസനീയമായ പ്രകടനത്തിനുള്ള അവാർഡ് സുരക്ഷിതമായ ഡിജിറ്റൽ ഇടം ഉറപ്പാക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ എടുത്തു കാണിക്കുന്നു’- പുരസ്കാര നേട്ടത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ എക്സിൽ കുറിച്ചു.