പോര്‍ട്ട് ഓഫ് സ്പെയിന്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യക്ക് തകർപ്പൻ തുടക്കം. ആദ്യദിനം കളിയവസാനിക്കുമ്പോൾ 84 ഓവറിൽ നാലിന് 288 റൺസെന്ന നിലയിലാണ് ഇന്ത്യ. വിരാട് കോഹ്ലിയും (87) രവീന്ദ്ര ജഡേജയും (36) ആണ് ക്രീസിൽ. ഇരുരാജ്യങ്ങളും തമ്മിലുള്ള നൂറാം ടെസ്റ്റ് മത്സരമാണ് ഇത്.
ഓപ്പണർമാരായ രോഹിതും ജയ്സ്വാളും ഇന്ത്യക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ടീം സ്കോർ 139ൽ നിൽക്കെ ജയ്സ്വാളിനെ (57) പുറത്താക്കി ജേസൺ ഹോൾഡറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ ശുഭ്മാൻ ഗിൽ (10) നിരാശപ്പെടുത്തി.മികച്ച ഫോമിൽ കളിച്ച രോഹിത് ശർമയെ ജോമല്‍ വാരിക്കാന്‍ പുറത്താക്കി. 143 പന്തില്‍ രണ്ട് സിക്സും ഒമ്പത് ഫോറും അടക്കം 80 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. രഹാനെ (എട്ട്) വേഗം മടങ്ങി. ഇതോടെ 182/4 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ കോഹ്ലിയും ജഡേജയും ചേർന്നാണ് മടങ്ങിക്കൊണ്ടുവന്നത്. പേസര്‍ മുകേഷ് കുമാര്‍ ഇന്ത്യക്കായി അരങ്ങേറ്റം നടത്തി. ആദ്യ ടെസ്റ്റില്‍ ഇറങ്ങിയ ഷാര്‍ദുള്‍ ഠാക്കൂറിനു പകരമായാണ് മുകേഷ് കുമാര്‍ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ എത്തിയത്.