കൊളംബോ : ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാന് മുന്നില്‍ കൂറ്റന്‍ സ്കോറിന്റെ വിജയലക്ഷ്യം വച്ച് ഇന്ത്യ. വിരാട് കോഹ് ലിയുടെയും കെ എല്‍ രാഹുലിന്റെയും സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ഇരുവരും പുറത്താകാതെ നിന്നു. 94 പന്തില്‍ 122 റണ്‍സാണ് കോഹ് ലി അടിച്ചുകൂട്ടിയത്. ആക്രമണത്തിന് തുടക്കമിട്ട കെ എല്‍ രാഹുല്‍ 106 പന്തില്‍ 111 റണ്‍സാണ് നേടിയത്. പാകിസ്ഥാന്റെ എല്ലാ ബൗളര്‍മാരെയും ഇന്ത്യന്‍ ബാറ്റര്‍മാര്‍ കണക്കിന് ശിക്ഷിച്ചു. ഷഹീന് അഫ്രിദി പത്ത് ഓവറില്‍ 79 റണ്‍സാണ് വിട്ടുകൊടുത്തത്.
24.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 എന്ന നിലയിലാണ് ഇന്ത്യ ഇന്ന് ബാറ്റിങ് പുനരാരംഭിച്ചത്. ഇന്നലെ മഴ കാരണം കളി ഇടയ്ക്ക് വച്ച് മുടങ്ങുകയായിരുന്നു. രോഹിതിനും ഗില്ലിനും പിന്നാലെ ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ കെഎല്‍ രാഹുല്‍ താളം കണ്ടെത്തുന്നതാണ് ഇന്ന് കണ്ടത്. ഇന്നലെ നിര്‍ത്തിയിടത്തു നിന്നാണ് ഇന്ന് മത്സരം പുനരാരംഭിച്ചത്. അര്‍ധ സെഞ്ച്വറി നേടിയ നായകന് രോഹിത് ശര്‍മ (56), ശുഭ്മാന്‍ ഗില്‍ (58) എന്നിവരാണ് പുറത്തായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 24.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു നില്‍ക്കെയാണ് ഇന്നലെ മഴയെത്തിയത്. രോഹിത് 49 പന്തില്‍ ആറ് ബൗണ്ടറിയും നാല് സിക്സും സഹിതമാണ് 56 റണ്‍സെടുത്തത്. ഗില്‍ 52 പന്തില്‍ 10 ബൗണ്ടറിയുടെ അകമ്പടിയോടെയാണ് 58 റണ്‍സെടുത്തത്. ഷഹീന് അഫ്രിദി, ഷദാബ് ഖാന് എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.