ന്യൂഡല്‍ഹി : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച നാഗ് മാര്‍ക്ക് 2 മിസൈല്‍ പരീക്ഷണം വിജയകരം. മൂന്നാം തലമുറ ടാങ്ക് വേധ മിസൈലിന്റെ പരീക്ഷണം പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് നിര്‍വഹിച്ചത്.
പൊഖ്റാന്‍ ഫയറിങ് റേഞ്ചിലായിരുന്നു പരീക്ഷണം. ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈലിന്റെ ഫീല്‍ഡ് ട്രയല്‍സ് പരീക്ഷണമാണ് നടന്നത്. പരീക്ഷണം വിജയകരമായിരുന്നെന്നും മിസൈല്‍ ഇനി സൈന്യത്തിന്റെ ഭാഗമാകുമെന്നും ഡിആര്‍ഡിഒ അധികൃതര്‍ അറിയിച്ചു.
മിസൈല്‍ അസാധാരണമായ കൃത്യതയും വിശ്വാസ്യതയും പ്രദര്‍ശിപ്പിച്ചതായും പരമാവധി, കുറഞ്ഞ ദൂര പരിധികളിലെ എല്ലാ ലക്ഷ്യങ്ങളെയും തകര്‍ത്തതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആധുനിക കവചിത ഭീഷണികളെ നിര്‍വീര്യമാക്കുന്നതിനാണ് നാഗ് മാര്‍ക്ക് 2 മിസൈല്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിക്ഷേപിക്കുന്നതിന് മുമ്പ് ലക്ഷ്യസ്ഥാനം കൃത്യമായി ഉറപ്പാക്കി ലോക്ക് ചെയ്യാന്‍ ഓപ്പറേറ്റര്‍മാരെ പ്രാപ്തരാക്കുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. സങ്കീര്‍ണ്ണമായ യുദ്ധ സാഹചര്യങ്ങളില്‍ പോലും കൃത്യമായ ആക്രമണങ്ങള്‍ ഉറപ്പാക്കുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും പ്രതിരോധമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
പരീക്ഷണ വിജയത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഡിആര്‍ഡിഒയെയും സൈന്യത്തെയും വ്യവസായ പങ്കാളികളെയും അഭിനന്ദിച്ചു. പ്രതിരോധ നിര്‍മ്മാണത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത നാഗ് എംകെ 2 ന്റെ വിജയകരമായ പരീക്ഷണങ്ങള്‍ വീണ്ടും ഉറപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.