ന്യൂഡൽഹി : ഭൂകമ്പത്തിൽ കനത്ത നാശം നേരിട്ട നേപ്പാളിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവഹാനിയിലും നാശനഷ്ടങ്ങളിലും അതിയായ ദുഃഖം രേഖപ്പെടുത്തുന്നതായി അദ്ദേഹം ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചു. സാധ്യമായ എല്ലാ സഹായവും നേപ്പാളിനു നൽകുമെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.
‘നേപ്പാളിൽ ഭൂകമ്പത്തെ തുടർന്നുണ്ടായ ജീവഹാനിയിലും നാശനഷ്ടങ്ങളിലും അതിയായ ദുഃഖമുണ്ട്. ഇന്ത്യ നേപ്പാളിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. സാധ്യമായ എല്ലാ സഹായവും നേപ്പാളിനു നൽകും. ഇന്ത്യയുടെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ’- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് ഭൂകമ്പമുണ്ടായത്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 128 ആയി. നൂറിലേറെ പേര്‍ക്ക് പരിക്ക് പറ്റി. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നു അധികൃതർ വ്യക്തമാക്കി.