ന്യൂഡൽഹി : ഇസ്രയേലിനുള്ള പിന്തുണ ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് ഇന്ത്യ. ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ ബന്ധപ്പെട്ടതിന് ശേഷമായിരുന്നു നരേന്ദ്ര മോദിയുടെ പ്രതികരണം. ഇന്ത്യ എല്ലാത്തരത്തിലുമുള്ള തീവ്രവാദത്തെ ശക്തമായും അസന്നിഗ്ധമായും എതിര്‍ക്കുന്നുവെന്ന് മോദി വ്യക്തമാക്കി.
ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നെതന്യാഹു വിളിച്ചത്. വിഷമഘട്ടത്തില്‍ ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് മോദി നെതന്യാഹുവിന് ഉറപ്പ് നല്കി. നിലവിലെ സ്ഥിതിഗതികളെ സംബന്ധിച്ച് പുതിയ വിവരങ്ങള്‍ നല്കുന്നതില് നെതന്യാഹുവിനോട് ഫോണില്‍ നന്ദി അറിയിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ ഈ വിഷമഘട്ടത്തില്‍ ഇസ്രയേലിനൊപ്പം നില്ക്കുന്നു. ഇന്ത്യ എല്ലാതരത്തിലുള്ള തീവ്രവാദത്തെയും അതിന്റെ ആശയവത്കരണത്തെയും ശക്തമായും അസന്നിഗ്ധമായും എതിര്‍ക്കുന്നു എന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ജര്‍മ്മനിയും ഇസ്രയേലിനെ പിന്തുണച്ച് സംയുക്ത പ്രസ്താവന നടത്തിയ ഘട്ടത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നെതന്യാഹു ഫോണില്‍ ബന്ധപ്പെട്ടത്. ഇന്ത്യ ഇസ്രയേലിന്റെയും പലസ്തീന്റെയും സുഹൃത്താണെന്നും പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കാന്‍ ഇടപെടണമെന്നും ഇന്ത്യയിലെ പലസ്തീന് പ്രതിനിധി പറഞ്ഞതിന് പിന്നാലെയുള്ള ഫോണ്‍വിളി അതിനാല്‍ തന്നെ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു.