വാഷിങ്ടണ്‍ : അമേരിക്കന്‍ നേതൃത്വം ദുര്‍ബലമാണെന്ന് കരുതുന്നതിനാല്‍ ഇന്ത്യ തന്ത്രപരമായ നിലപാട് സ്വീകരിക്കുന്നുവെന്ന് യുഎസ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നിക്കി ഹാലെ. അതുകൊണ്ടാണ് നിലവിലെ ആഗോള സാഹചര്യം വിലയിരുത്തി ഇന്ത്യ റഷ്യയോട് അടുക്കുന്നതെന്നും ഹാലെ അഭിപ്രായപ്പെട്ടു.
ഫോക്സ് ബിസിനസ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ഹാലെയുടെ അഭിപ്രായപ്രകടനം. ഇന്ത്യയ്ക്ക് അമേരിക്കയുമായി ബന്ധത്തിന് താല്‍പ്പര്യമുണ്ട്. എന്നാല്‍ യുഎസ് ഭരണനേതൃത്വത്തില്‍ വിശ്വാസമില്ല. യുഎസ് ദുര്‍ബലമാണെന്ന് ഇന്ത്യ കരുതുന്നു. ഇന്ത്യ സ്മാര്‍ട്ടായ നിലപാട് സ്വീകരിക്കുന്ന രാജ്യമാണ്.
റഷ്യയുമായി ബന്ധത്തിന് ഇന്ത്യയ്ക്ക് താല്‍പ്പര്യമില്ല. അതേസമയം തന്ത്രപരമായാണ് ഇന്ത്യ മുന്നോട്ടു നീങ്ങുന്നത്. നിലവിലെ ലോകസാഹചര്യത്തില്‍ അവര്‍ റഷ്യയുമായി സഖ്യമുണ്ടാക്കി. അതുകൊണ്ട് നിരവധി യുദ്ധസാമഗ്രികള്‍ ഇന്ത്യയ്ക്ക് ലഭിക്കുന്നു. ചൈനയോടുള്ള ആശ്രിതത്വം കുറയ്ക്കാന്‍ വലിയ തുകയാണ് പല രാജ്യങ്ങളും മുടക്കുന്നതെന്ന് നിക്കി ഹാലെ പറഞ്ഞു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ നൊവാഡയില്‍ കഴിഞ്ഞദിവസം നടന്ന അനൗദ്യോഗിക പ്രൈമറിയില്‍ പ്രമുഖ സ്ഥാനാര്‍ത്ഥിയായിട്ടും നിക്കി ഹാലെ ദയനീയമായി പരാജയപ്പെട്ടു. മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പേര് ബാലറ്റില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ വിശ്വസ്ത അണികളെല്ലാം കൂട്ടത്തോടെ ഇവരാരുമല്ല (നണ് ഓഫ് ദീസ് കാന്‍ഡിഡേറ്റ് ) എന്ന ഇന്ത്യയിലെ നോട്ടയ്ക്ക് സമാനമായ കളത്തിലാണ് മാര്‍ക്ക് ചെയ്തത്.
പ്രൈമറിയില്‍ 86 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ നോട്ടയ്ക്ക് 63 ശതമാനം വോട്ടാണ് കിട്ടിയത്. ഇന്ത്യന്‍ വംശജയും മുന്‍ യുഎന്‍ അംബാസഡറുമായ നിക്കി ഹാലെയ്ക്ക് 30.8 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്. കോവിഡ് വാക്സിനേഷന് എടുത്തിട്ടില്ലാത്തതിനാല്‍ ശുദ്ധരക്തമാണെന്ന് അവകാശപ്പെട്ട് ഇന്ത്യന്‍ വംശജന് ഹര്‍ഷ് സിങ് റിപ്പബ്ലിക്കന്‍ പ്രൈമറി ബാലറ്റില്‍ അപ്രധാന സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു. 182 വോട്ടാണ് ഇദ്ദേഹത്തിന് ലഭിച്ചത്.