ന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതിന് പിന്നാലെ തിരിച്ചടിച്ച് ഇന്ത്യ. മുതിര്‍ന്ന കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി. അഞ്ച് ദിവസത്തിനകം ഇന്ത്യ വിടണമെന്നാണ് ഇദ്ദേഹത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ വഷളായി. കാനഡയിലെ സിഖ് നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റീന്‍ ട്രൂഡോ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.ഇതിനു പിന്നാലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയിരുന്നു. ഇതോടെ ഇതേ നാണയത്തിൽ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. അതേസമയം സിഖ് നേതാവിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റീന്‍ ട്രൂഡോയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അസംബന്ധവുമാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.
സംഭവത്തില്‍ ഇന്ത്യയ്ക്ക് പങ്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തേതന്നെ ട്രൂഡോയെ അറിയിച്ചതാണ്. കാനഡയിലെ ഒരു അക്രമസംഭവത്തിലും ഇന്ത്യയ്ക്ക് പങ്കില്ല. നിയമവാഴ്ചയോട് പ്രതിബദ്ധതയുള്ള ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയുള്ള ഒരു രാജ്യമാണ് ഇന്ത്യയെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.ഖലിസ്ഥാന്‍ ഭീകരര്‍ക്ക് കാനഡ താവളമൊരുക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.