ന്യൂഡല്‍ഹി : കനേഡിയന്‍ പൗരന്മാര്ക്കുള്ള വിസ നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ച് സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിച്ചു. എന്‍ട്രി വിസകള്‍, ബിസിനസ് വിസകള്‍, മെഡിക്കല്‍ വിസകള്‍, കോണ്‍ഫറന്‍സ് വിസകള്‍ എന്നിവയാണ് അനുവദിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ വിസ സര്‍വീസ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയെ ആശ്രയിച്ചിരിക്കും തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കാനഡ ഇതിനകം 41 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. വിയന്ന കണ്‍വെന്‍ഷനിലൂടെ സമത്വം ആണ് ആഗ്രഹിക്കുന്നത്. കനേഡിയന്‍ ഉദ്യോഗസ്ഥരുടെ തുടര്‍ച്ചയായ ഇടപെടലുകള്‍ ആശങ്കയുണ്ടാക്കിയതിനാലാണ് തുല്യത ആവശ്യപ്പെട്ടത്. കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയില്‍ പുരോഗതി ഉണ്ടായാല്‍ ഇന്ത്യ കനേഡിയന്് വിസ നല്‍കുന്നത് പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
ജൂണില്‍ ഖലിസ്ഥാനി ഭീകരവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാരുടെ പങ്കാളിത്തത്തെക്കുറിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ നടത്തിയ ആരോപണത്തെത്തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു. ആരോപണം ഇന്ത്യ തള്ളുകയും ചെയ്തു.
ട്രൂഡോയുടെ ആരോപണത്തിന് ദിവസങ്ങള്‍ക്ക് ശേഷം, കനേഡിയന്‍ പൗരന്മാര്ക്ക് വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ഇന്ത്യ പ്രഖ്യാപിക്കുകയും രാജ്യത്തെ നയതന്ത്ര സാന്നിധ്യം കുറയ്ക്കാന്‍ ഒട്ടാവയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്നും നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിന്‍വലിച്ചത്.