ഡൽഹി : ഇന്ത്യയുമായി സ്വതന്ത്ര വാണിജ്യ കരാർ ചർച്ച ഉടൻ പുനരാരംഭിക്കാൻ ജി.സി.സി രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിച്ചതായി കേന്ദ്രസർക്കാർ. യു.എ.ഇക്കു പുറമെ മറ്റ് ഗൾഫ് രാജ്യങ്ങളുമായുള്ള കരാർ അധികം വൈകാതെ യാഥാർഥ്യമാകുമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. ജയ്പൂരിലാണ് അദ്ദേഹം ഇതു സംബന്ധിച്ച പ്രതികരണം നടത്തിയത്. ജി 20 ഉച്ചകോടി നടക്കാനിരിക്കെ ഗൾഫ് രാജ്യങ്ങളുമായി അടുത്ത വാണിജ്യബന്ധം രൂപപ്പെടുത്താൻ തിരക്കിട്ട നീക്കത്തിലാണെന്നും കേന്ദ്രം വ്യക്തമാക്കി. യു.എ.ഇയുമായുള്ള സമഗ്ര സാമ്പത്തിക കരാറിലൂടെ കൈവന്ന നേട്ടമാണ് മറ്റു ഗൾഫ് രാജ്യങ്ങളെ ഇന്ത്യയുമായി കൂടുതൽ അടുപ്പിക്കാൻ പ്രേരണ ആയത്.
എല്ലാ മേഖലകളിലേക്കും ഗൾഫ് രാജ്യങ്ങളിൽ നിന്ന് വലിയ തോതിലുള്ള നിക്ഷേപമാണ് വരുന്നത്. ഇന്ത്യയുമായി സ്വതന്ത്ര വാണിജ്യ കരാർ ചർച്ചകൾ ഉടൻ പൂർത്തീകരിക്കാൻ സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ മുന്നോട്ടു വന്നതായും മന്ത്രി പറഞ്ഞു. 2006 മുതൽ 2008 വരെയുള്ള കലയളവിൽ വാണിജ്യ കരാർ സംബന്ധിച്ച ചർച്ചകൾ ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിൽ ആരംഭിച്ചിരുന്നു. എന്നാൽ പിന്നീട് ചർച്ച വഴിമുട്ടി. പോയ വർഷം യു.എ.ഇയുമായി സമഗ്ര സാമ്പത്തിക കരാർ നിലവിൽ വന്നതോടെ മറ്റു ഗൾഫ് രാജ്യങ്ങൾ ആവേശപൂർവം രംഗത്തു വന്നതായും മന്ത്രി പീയുഷ് ഗോയൽ ചൂണ്ടിക്കാട്ടി. ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി 20 ഉച്ചകോടിയിൽ യു.എ.ഇ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്നാണ് വിവരം. വ്യാപാര പങ്കാളിത്തം ഉയരുന്നത് ഇരുകൂട്ടർക്കും വലിയതോതിൽ നേട്ടമായി മാറുമെന്നാണ് ഇന്ത്യയുടെയും ജി.സി.സി രാജ്യങ്ങളുടെയും വിലയിരുത്തൽ.