ന്യൂഡൽഹി : ഗാസയിലെ അൽ അഹ്ലി ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിനെ നേരിട്ട് വിളിച്ച് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പലസ്തീൻ ജനതയ്ക്ക് എല്ലാ സഹായവും തുടർന്നും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിലെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ തുടരുന്ന ഭീകരതയിലും സംഘർഷത്തിലും ആശങ്ക അറിയിച്ചുവെന്നും മോദി എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. മേഖലയിലെ സംഘർഷാവസ്ഥയിൽ സാധാരണക്കാർ മരണപ്പെടുന്നതിൽ ഇന്ത്യ ആശങ്ക അറിയിക്കുന്നതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അന്താരാഷ്ട്ര മാനുഷിക നിയമം കർശനമായി പാലിക്കാൻ അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഗാസയിലെ അൽ അഹ്ലി ആശുപത്രിയിലുണ്ടായ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 500 ഓളം പേർക്കാണ് ജീവൻ നഷ്ടമായത്. നിരവധി പേർക്ക് പരിക്കേറ്റു. അതേസമയം ഇസ്രയേൽ-ഹമാസ് യുദ്ധത്തെ തുടർന്ന് ദുരന്ത സാഹചര്യം നിലനിൽക്കുന്ന ഗാസയിലേക്ക് സഹായം എത്തിക്കാൻ അതിർത്തി തുറക്കാൻ ഈജിപ്ത് സമ്മതിച്ചു. ഗാസയിലേക്കുള്ള സഹായ സാധനങ്ങളുമായി നൂറുകണക്കിന് ട്രക്കുകൾ ഈജിപ്ഷ്യൻ അതിർത്തിയായ റഫയിൽ കാത്തുകിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് യുഎന്നും യുഎസും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അതിർത്തി തുറക്കുമെന്ന ഈജിപ്തിന്റെ പ്രഖ്യാപനമുണ്ടായത്.