ഇസ്ലാമാബാദ്: പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രിയും തെഹ്രികെ ഇന്‍സാഫ് (പിടിഐ) അധ്യക്ഷനുമായ ഇമ്രാന് ഖാന് പത്തു വര്‍ഷം തടവു ശിക്ഷ. ഔദ്യോഗിക രേഖകള്‍ പരസ്യമാക്കിയ കേസിലാണ് ശിക്ഷാവിധി. അടുത്ത മാസം എട്ടിന് പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്രാനെ തടവുശിക്ഷയ്ക്ക് വിധിച്ചത്. മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കും കോടതി പത്തു വര്‍ഷം തടവുശിക്ഷ വിധിച്ചു.
വാഷിങ്ടണിലെ പാക് എംബസിക്ക് അയച്ച നയതന്ത്ര രേഖയിലെ വിവരങ്ങള്‍ 2022 മാര്‍ച്ചില്‍ നടന്ന പാര്‍ട്ടി റാലിയില്‍ വെളിപ്പെടുത്തിയെന്നതാണ് കേസ്. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്ഐഎ) സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇമ്രാന്റെയും ഖുറേഷിയുടെയും പ്രസംഗത്തിന്റെ പൂര്‍ണവിവരമുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഈ കേസില്‍ ഇമ്രാന് (71) ഖുറേഷി (67) എന്നിവര്‍ അറസ്റ്റിലായത്. ജയിലില്‍ കഴിയുന്ന സമയത്താണ് വിചാരണ പൂര്‍ത്തിയായത്.