ലാഹോർ: തോഷാഖാന അഴിമതിക്കേസില്‍ പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ച് ഇസ്ലാമബാദ് കോടതി. അഞ്ച് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കുണ്ട്. പുറമേ ഒരു ലക്ഷം രൂപ പിഴയടയ്ക്കുകയും വേണം.
ഇമ്രാനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഇസ്ലാമബാദ് ഐജിക്ക് കോടതി നിര്‍ദേശം നല്‍കിയതിന് പിന്നാലെ സമന് പാര്‍ക്കില്‍ വെച്ച് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. നവംബറിന് മുന്‍പ് ദേശീയ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാക് തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടിയുടെ തലവനായ ഇമ്രാന് തിരിച്ചടിയാകുന്ന വിധി വന്നിരിക്കുന്നത്.
പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ വിദേശത്ത് നിന്നും ലഭിച്ച ഉപഹാരങ്ങള്‍ തോഷാഖാന വകുപ്പില്‍ നിന്നും നിയമാനുസൃതമായ ഇളവനുസരിച്ച് ഇമ്രാൻ വാങ്ങിയിരുന്നു. ഇവ കോടികള്‍ ലാഭം കിട്ടുന്ന രീതിയില്‍ മറിച്ച് വില്‍ക്കുകയും ഇക്കാര്യം ആദായ നികുതി വകുപ്പില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും മറച്ചുവെക്കുകയും ചെയ്തതാണ് കേസ്.
പാക്കിസ്ഥാനിലെ ഭരണാധികാരികള്‍ക്ക് വിദേശത്ത് നിന്നടക്കം ലഭിക്കുന്ന സമ്മാനങ്ങള്‍ സൂക്ഷിക്കുന്ന വകുപ്പാണ് തോഷാഖാന. 1974ല്‍ ആണ് വകുപ്പ് സ്ഥാപിതമാകുന്നത്. ഭരണാധികാരികള്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങളുടെ വിശദാംശങ്ങള്‍ വകുപ്പിനെ കൃത്യമായി അറിയിക്കണമെന്നാണ് ചട്ടം.
ഇതുള്‍പ്പടെ 60 കേസുകള്‍ ഇമ്രാനെതിരെയുണ്ടെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അല്‍ ഖാദിര്‍ സര്‍വകലാശാല നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഇക്കഴിഞ്ഞ മേയ് മാസം ഇമ്രാനെ അറസറ്റ് ചെയ്തിരുന്നു.