ന്യൂഡല്‍ഹി : അസാധ്യമായത് സാധ്യമാക്കിയെന്ന് ചന്ദ്രയാന്‍ മൂന്നിന്റെ വിജയത്തെക്കുറിച്ച് പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വനിതാ ശാസ്ത്രജ്ഞരെയും വനിതാ എഞ്ചിനീയര്‍മാരെയും പ്രധാനമന്ത്രി പ്രശംസിച്ചു. മന്‍കി ബാത് പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ പ്രശംസ.
ചന്ദ്രയാന്‍ -3 ദൗത്യത്തിന്റെ വിജയം രാജ്യത്തെ സ്ത്രീശക്തിയുടെ ഉത്തമ ഉദാഹരണമാണ്. രാജ്യത്തിന്റെ പെണ്മക്കള് ഇത്രയേറെ തീവ്രമായ ഉത്കര്‍ഷേച്ഛയോടെ പ്രവര്‍ത്തിക്കുമ്പോള്‍ നമ്മുടെ രാജ്യം വികസിക്കുന്നതില്‍ നിന്ന് ആര്‍ക്കാണ് തടയാന്‍ കഴിയുകയെന്ന് മോദി ചോദിച്ചു.
മിഷന് ചന്ദ്രയാന്‍ പുതിയ ഇന്ത്യയുടെ പ്രതീകമാണ്. ഏതൊരു സാഹചര്യത്തിലും എങ്ങനെ വിജയിക്കണമെന്ന് അറിയുന്ന പുതിയ ഇന്ത്യയുടെ പ്രതീകം. സ്ത്രീശക്തിയുടെ കഴിവ് കൂടി ചേര്‍ന്നപ്പോഴാണ് അസാധ്യമായത് സാധ്യമായതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ സാധ്യതകള്‍ക്ക് സെപ്റ്റംബര്‍ മാസം സാക്ഷ്യം വഹിക്കാന്‍ പോകുന്നു. ജി-20 ഉച്ചകോടിക്കായി ഇന്ത്യ പൂര്‍ണ സജ്ജമായി. 40 രാജ്യങ്ങളുടെ തലവന്മാരും നിരവധി ആഗോള സംഘടനകളും ഡല്‍ഹിയില്‍ നടക്കുന്ന സമ്മേളനത്തില്‍ സംബന്ധിക്കും. ജി-20 ഉച്ചകോടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമായിരിക്കും ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.