ഹേഗ് : ഗസ്സയിലെ മാനുഷിക പ്രതിസന്ധിയിൽ ഇസ്രായേലിന്റെ ഉത്തരവാദിത്തവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) വാദം കേൾക്കൽ ആരംഭിച്ചു. ഗസ്സയിലേക്കുള്ള അവശ്യസാധനങ്ങളുടെ വിതരണം ഉറപ്പാക്കുന്നതിനുള്ള ഇസ്രായേലിന്റെ ഉത്തരവാദിത്തം വിലയിരുത്തണമെന്ന് കഴിഞ്ഞ വർഷം ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഐസിജെയിലെ വാദം കേൾക്കൽ.
തിങ്കളാഴ്ച ഹേഗിൽ ആരംഭിച്ച വാദം കേൾക്കൽ ഈ ആഴ്ച മുഴുവൻ നീണ്ടുനിൽക്കും. വരുന്ന അഞ്ച് ദിവസങ്ങളിൽ യുഎസ്, ചൈന, ഫ്രാൻസ്, റഷ്യ, സൗദി അറേബ്യ അടക്കം 38 രാജ്യങ്ങൾ ഐസിജെയുടെ 15 അംഗ പാനലിനു മുന്നിൽ തങ്ങളുടെ വാദങ്ങൾ നിരത്തും. ഇസ്രായേലിന്റെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായാണോ അല്ലയോ എന്നത് മുൻനിർത്തി ഈ രാജ്യങ്ങൾ നിലപാട് അറിയിക്കും.
ഗസ്സയിലേക്ക് സഹായം എത്തിക്കുന്നത് ഉറപ്പാക്കാനുള്ള ഇസ്രായേലിന്റെ ബാധ്യതകളെക്കുറിച്ച് ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ്, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷൻ, ആഫ്രിക്കൻ യൂണിയൻ എന്നിവയും തങ്ങളുടെ വാദങ്ങൾ അവതരിപ്പിക്കും.
ഒരു യുദ്ധായുധമെന്നോണം ഇസ്രായേൽ ഗസ്സയിലേക്കുള്ള സഹായം തടയുകയാണെന്ന് ഉന്നത പലസ്തീൻ ഉദ്യോഗസ്ഥൻ അമ്മാർ ഹിജാസി ജഡ്ജിമാരോട് പറഞ്ഞു. ഇതാണ് സത്യം. ഇവിടെ പട്ടിണിയാണ്. മാനുഷിക സഹായം തടയലിനെ ഇസ്രായേൽ ഒരു യുദ്ധായുദമായി ഉപയോഗിക്കുകയാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.
മാർച്ച് രണ്ടിന് ഇസ്രായേൽ ഗസ്സയിൽ ഏർപ്പെടുത്തിയ ഏറ്റവും ദൈർഘ്യമേറിയ ഉപരോധത്തിനുശേഷം 23 ലക്ഷത്തോളം വരുന്ന നിവാസികൾക്ക് ഭക്ഷണമോ വൈദ്യസഹായമോ എത്തിയിട്ടില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം, രണ്ട് മാസത്തെ വെടിനിർത്തൽ യാതൊരു മുന്നറിയിപ്പുമില്ലാതെ അവസാനിപ്പിച്ച് ഇസ്രായേൽ ആക്രമണം പുനരാരംഭിക്കുകയും ചെയ്തു. വിഷയത്തിൽ മുൻഗണനാടിസ്ഥാനത്തിലും അടിയന്തരമായും നിർദേശം നൽകാൻ ഐക്യരാഷ്ട്രസഭ ഐസിജെയെ ചുമതലപ്പെടുത്തിയിരുന്നു.
അതേസമയം, ഐസിജെ എന്ത് നിലപാട് സ്വീകരിച്ചാലും അത് ഇസ്രായേൽ അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. “ഐസിജെയുടെയോ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെയോ മറ്റ് അന്താരാഷ്ട്ര നിയമ സ്ഥാപനങ്ങളുടേയോ മുൻ വിധിന്യായങ്ങളുടെ കാര്യത്തിലെന്നപോലെ, ഈ വിധിയും ഇസ്രായേൽ അവഗണിക്കാൻ സാധ്യതയുണ്ടെന്ന് അൽ ജസീറ ഇംഗ്ലീഷ് കറസ്പോണ്ടന്റ് റോറി ചാലണ്ട്സ് പറഞ്ഞു.
പക്ഷേ, ഇസ്രായേലിന്റെ നടപടികൾക്കെതിരെ അന്താരാഷ്ട്ര കോടതികൾ മുമ്പും വിധി പുറപ്പെടുവിച്ചിട്ടുള്ളതിനാൽ അവരുടെ മേൽ സമ്മർദം ഏറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ ഐസിജെ ഇരു രാജ്യങ്ങളുടെയും ഭരണകർത്താക്കളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും നിലപാടുകളും കേൾക്കും.
എന്നാൽ, ഇസ്രായേൽ പ്രതിനിധികളിൽ നിന്ന് നേരിട്ട് മറുപടി ലഭിക്കില്ല. കാരണം, രേഖാമൂലമുള്ള നിർദേശങ്ങളും എതിർപ്പുകളും ഇതിനോടകം ഇസ്രായേൽ സമർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനിടെ, ഐസിജെയിലെ വാദം കേൾക്കലിനെതിരെ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ രംഗത്തെത്തി. ‘വിചാരണ ചെയ്യപ്പെടേണ്ടത് ഇസ്രായേലല്ല. ഐക്യരാഷ്ട്രസഭയും യുഎൻആർഡബ്ല്യുഎയുമാണ്’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.