കൊച്ചി: ഐബിഎസ് സോഫ്റ്റ്-വെയർ കൊച്ചിയിൽ പുതിയ ക്യാമ്പസ് തുറക്കുന്നു. ഇൻഫോപാർക്ക് ഫേസ് ഒന്നിൽ 4.2 ഏക്കറിൽ 14 നിലകളിൽ സജ്ജമാക്കിയ കെട്ടിടം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 3.2 ലക്ഷം ചതുരശ്രയടിയുള്ള കെട്ടിടത്തിൽ 3000 ഐടി പ്രൊഫഷണലുകൾക്ക് ഒരേസമയം ജോലി ചെയ്യാം.
ആഗോള ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി, ക്രൂസ് മേഖലകളിൽ ഐടി സാങ്കേതികവിദ്യാ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന കേരള കമ്പനിയായ ഐബിഎസിന്റെ പൂർണ ഉടമസ്ഥതയിലുള്ള കേരളത്തിലെ രണ്ടാമത്തെ ക്യാമ്പസാണിത്. തിരുവനന്തപുരം ടെക്നോപാർക്കിലാണ് ആദ്യത്തേത്. 2005 മുതൽ ഇൻഫോപാർക്കിലുള്ള കമ്പനി, പാട്ടത്തിനെടുത്ത കെട്ടിടങ്ങളിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. പുതിയ ക്യാമ്പസ് തുറക്കുന്നതോടെ ഗവേഷണ-വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ നിക്ഷേപം നടത്താനും കൂടുതൽ നിയമനം നടത്തി ഉപയോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കാനും മൂന്നു വർഷത്തിനുള്ളിൽ വരുമാനം ഇരട്ടിയാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ഐബിഎസ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ വി കെ മാത്യൂസ് പറഞ്ഞു.
ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലും യുഎസ്, ക്യാനഡ, ബ്രസീൽ, യുകെ, ജർമനി തുടങ്ങി 11 രാജ്യങ്ങളിലും ഓഫീസും 35 രാജ്യങ്ങളിൽ ഉപയോക്താക്കളുമുള്ള കമ്പനിയിൽ 5000 ജീവനക്കാരുണ്ട്. അമേരിക്ക ആസ്ഥാനമായുള്ള എബൗ പ്രോപ്പർട്ടി സർവീസസ് എന്ന ഹോസ്പിറ്റാലിറ്റി കമ്പനിയെ അടുത്തിടെ 750 കോടിക്ക് ഐബിഎസ് ഏറ്റെടുത്തിരുന്നു. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ക്രൂസ് കപ്പൽ കമ്പനിയായ റോയൽ കരീബിയനുമായി നവംബറിൽ ഐടി സേവന പങ്കാളിത്തത്തിന് കരാറുമുണ്ടാക്കി.