സംസ്ഥാനത്ത് വീണ്ടും ദിനേന ഡെങ്കിപ്പനി മരണങ്ങൾ വർദ്ധിക്കുകയാണ് . കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ പൊതുവേ കാണപ്പെടുന്ന മറ്റ് വൈറൽപ്പനികളിൽ നിന്ന് വ്യത്യസ്തമല്ലാത്തതിനാൽ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാൻ കഴിയാതെ വരികയോ വൈകുകയോ ചെയ്യാം.
എങ്ങനെ തിരിച്ചറിയാം?
പെട്ടെന്നുള്ള കനത്ത പനിയാണ് ഡെങ്കിയുടെ പ്രധാന ലക്ഷണം. തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. അതിശക്തമായ ശരീര വേദന, വയറ് വേദന, കണ്ണിനു പുറകിൽ വേദന, ശരീരത്തിൽ ചുവന്ന നിറത്തിൽ പാടുകൾ പ്രത്യക്ഷപ്പെടുക എന്നിവയും ചിലരിൽ കാണപ്പെടുന്നു.
ശക്തമായ വയറ് വേദന, ശ്വാസതടസം, മൂത്രം പോകുന്നതിൽ പെട്ടെന്ന് ഉണ്ടാകുന്ന കുറവ്, അപസ്മാര ലക്ഷണങ്ങൾ, മഞ്ഞപ്പിത്തം, ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിന്നും രക്തസ്രാവം ഉണ്ടാവുക, മലം കറുത്ത നിറത്തിൽ പോവുക എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവ അടിയന്തിരമായി ഡോക്ടറുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. രക്തപരിശോധനയിലൂടെ ഡെങ്കിപ്പനി തിരിച്ചറിയാം. ടെസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യം എല്ലാ സർക്കാർ ആശുപത്രികളിലും ഏർപ്പെടുത്തിയിട്ടുണ്ട്.
ധാരാളം വെള്ളം കുടിച്ചാൽ ഏറെ ആശ്വാസമാകും
ചെറിയ പനി വന്നാൽ പോലും ധാരാളം പാനീയങ്ങൾ കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം, കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴങ്ങൾ, പഴസത്ത് എന്നിവ നൽകാം. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും ക്ഷീണം അകറ്റുന്നതിനും രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും പാനീയങ്ങൾ സഹായിക്കും.